കോഴിക്കോട്: യുവാക്കളിൽ വളർന്നു വരുന്ന അരാഷ്ട്രീയ നിലപാടുകൾ ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അത് പുതു തലമുറയെ വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും നയിക്കുമെന്നും കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. ‘നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തിൽ കോഴിക്കോട്ട് നടക്കുന്ന
മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ല കമ്മറ്റി സംഘടിപ്പിച്ച ‘ടേബിൾ ടോക്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്ര പുനർ നിർമാണ പ്രക്രിയയിൽ പങ്കാളികളാവാൻ മതേതര ജനാധിപത്യ സംഘങ്ങളുമായി ചേർന്നുനിന്ന് യുവാക്കൾ അവരുടെ കർമ്മശേഷി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് മുജാഹിദ് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.എസ്.എം ജില്ല പ്രസിഡണ്ട് ജുനൈദ് മേലേത്ത് അധ്യക്ഷനായിരുന്നു. അതുൽ. ടി (ഡി.വൈ.എഫ്.ഐ), ജവഹർ പൂമംഗലം (യൂത്ത് കോൺഗ്രസ്), കെ.എം റഷീദ് (യൂത്ത് ലീഗ്), റിയാസ് (എ.ഐ.വൈ.എഫ്), ഹാഫിസ് റഹ്മാൻ മദനി, സൈദ് മുഹമ്മദ് (ഐ.എസ്.എം) എന്നിവർ വിവിധ യുവജന വിഭാഗങ്ങളെ പ്രതിനിധീകരിച്ചു സംസാരിച്ചു. മുഹമ്മദ് അമീർ മോഡറേറ്ററായിരുന്ന. സി.മരക്കാരുട്ടി, വളപ്പിൽ അബ്ദുസ്സലാം, റഹ്മത്തുള്ള സ്വലാഹി, അസ്ജദ് കടലുണ്ടി എന്നിവർ ആശംസകളർപ്പിച്ചു.
അസ്ഹർ അബ്ദുള്ള കൃതജ്ഞത രേഖപ്പെടുത്തി.