ആലപ്പുഴയിലെ ഇരട്ടകൊലപാതകങ്ങളിലെ പ്രതികൾ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ്‌സാക്കറെ. പ്രതികൾക്കുള്ള തെരച്ചിൽ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്ത് വധക്കേസിലെയും ഷാൻ വധക്കേസിലെയും പ്രതികളാണ് സംസ്ഥാനം വിട്ടത്. നിലവിൽ ഇരു കൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്ത ആരെയും പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികൾക്ക് സഹായം നൽകിയവർ മാത്രമാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. സംസ്ഥാനം വിട്ടപ്രതികളുടെ പിന്നാലെ തന്നെ പൊലീസുണ്ട്. രഞ്ജിത്ത് വധക്കേസിൽ നേരിട്ട് പങ്കെടുത്ത 12 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.ഗൂഢാലോചന സംബന്ധിച്ചും പൊലീസിന് വിവരംലഭിച്ചിട്ടുണ്ട്. അതിനെ കുറിച്ച് കൂടുതൽ ഇപ്പോൾ പുറത്തുവിടൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ കുറിച്ച് വിശദമായി അന്വേഷണം നടക്കുന്നുണ്ട്. തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയൊള്ളൂ . എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകൾ പൊലീസ് ആക്രമിക്കുന്നുവെന്ന പരാതി തെറ്റാണെന്നും പ്രതികളെ പിടികൂടാനുള്ള തെരച്ചിൽ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.