കോഴിക്കോട്: വനിതാകലാസാഹിതി സംസ്ഥാന പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പി കെ റോസി സ്മാരക കലാപ്രതിഭ പുരസ്കാരം തിയേറ്റർ ആർട്ടിസ്റ്റും ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റുമായ ഷേർളി സോമസുന്ദരവും രാജലക്ഷ്മി സ്മാരക സാഹിത്യ പ്രതിഭ പുരസ്കാരം നോവലിസ്റ്റ് ആർ രാജശ്രീയും പി സി കുറുമ്പ സ്മാരക സാമൂഹ്യ പുരസ്കാരം നടത്തത്തിൽ സ്വർണ്ണ മെഡൽ നേടിയ ഷീബ പ്രകാശും യശോദ ടീച്ചർ സ്മാരക മാധ്യമ പുരസ്കാരം ഗൃഹലക്ഷ്മി സബ് എഡിറ്റർ റോസ് മരിയ വിൻസന്റും ഏറ്റുവാങ്ങി. പ്രശസ്തിപത്രവും ഫലകവും ഫലവൃക്ഷ തൈയും അടങ്ങുന്നതാണ് പുരസ്കാരം. ടി വി ബാലൻ, ആലങ്കോട് ലീലകൃഷ്ണൻ, ഇ എം സതീശൻ, ഗീത നസീർ എന്നിവർ പുരസ്കാരം സമ്മാനിച്ചു.
യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഇ എം സതീശൻ, രക്ഷധികാരി ഗീത നസീർ, വനിത കലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹൻ, പ്രസിഡന്റ് അജിത നമ്പ്യാർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 2015 മുതൽ വനിതാകലാസാഹിതി നാല് സ്ത്രീ പ്രതിഭകൾക്ക് പുരസ്കാരങ്ങൾ നൽകി വരുന്നുണ്ട്.
ചെറൂട്ടി റോഡ് ബാങ്ക് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന അവാർഡ്ദാന ചടങ്ങ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അജിത നമ്പ്യാർ അധ്യക്ഷത വഹിച്ചു. ടി വി ബാലൻ, കെ കെ ബാലൻ മാസ്റ്റർ, ഡോ. വത്സലൻ വാതുശ്ശേരി, എ പി കുഞ്ഞാമു, വി ആയിഷ ബീവി ടീച്ചർ, ഡോ ഇ പി ജ്യോതി, കെ അജിന, ഡോ. ഒ കെ മുരളീകൃഷ്ണൻ, അഷ്റഫ് കുരുവട്ടൂർ, ഡോ. ശശികുമാർ പുറമേരി സംസാരിച്ചു. ശാരദ മോഹൻ സ്വാഗതവും കെ ഗായത്രി നന്ദിയും പറഞ്ഞു.