കോഴിക്കോട്: ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി അധ്യാപകരും ആയമാരും എയ്ഡഡ് പ്രീ പ്രൈമറി ടീച്ചേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി.ഇ ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി.
എയ്ഡഡ് പ്രീ പ്രൈമറിയെ സ്‌കൂളിന്റെ ഭാഗമായി അംഗീകരിക്കുക, സര്‍ക്കാര്‍ പ്രീ പ്രൈമറി അധ്യാപകര്‍ക്ക് നല്‍കുന്ന ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുക, ഏകീകൃത സിലബസ്സും പാഠ്യപദ്ധതിയും നടപ്പിലാക്കുക, തൊഴില്‍ സുരക്ഷ ഉറപ്പാക്കു, അന്യായമായ പിരിച്ചുവിടല്‍ അവസാനിപ്പിക്കുക, പ്രീ പ്രൈമറി കുട്ടികളെയും ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന പ്രീപ്രൈമറി മേഖലയിലെ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പി. വനജ അധ്യക്ഷത വഹിച്ചു. സി. ശാലിനി, പി.എം ലിസി, ഷൈനി മനോഹര്‍, എം.ബി സിന്ധു, ബിനിഷ പോള്‍, സുഷിത സുനില്‍കുമാര്‍ സംസാരിച്ചു.














