കോഴിക്കോട്:കേരളത്തിൽ ഡി.വൈ.എഫ്.ഐ.ഏതെന്നും എസ്.ഡി.പി.ഐ.ഏതെന്നും തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമായിരിക്കുന്നു. ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ.പ്രവർത്തകൻ ജിഷ്ണുവിനെ ആക്രമിച്ചതിൽ അറസ്റ്റിലായവരിൽ പ്രദേശത്തെ പ്രധാന ഡി.വൈ.എഫ്.ഐ. പ്രവർത്തകനും ഉൾപ്പെട്ടതിലൂടെ ഇക്കാര്യം വ്യക്തമായി തെളിയിക്കപ്പെട്ടതായും ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.ഇരു പാർട്ടിയിലും അംഗത്വമുള്ളവരെ പുറത്താക്കാൻ ഡി.വൈ.എഫ്.ഐ.നേതൃത്വം തയ്യാറാകണം. പോപ്പുലർ ഫ്രണ്ടിൻ്റെ തീവ്രവാദ നയങ്ങള്‍ ഡി.വൈ.എഫ്.ഐയും അനുകരിക്കുന്നത് കൊണ്ടാണ് അംഗത്വമെടുത്ത് പ്രവർത്തിക്കുവാൻ തീവ്രവാദ ശക്തികൾ തയ്യാറാകുന്നത്. കേരളത്തിലെ പല ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങിൽ എസ്.ഡി.പി.ഐയും സി.പി.എമ്മും ചേർന്ന് ഭരിക്കുന്നത് അതിന് ഉത്തമ ഉദാഹരണമാണ്. കോട്ടൂർ പ്രദേശത്ത് ജനങ്ങളുടെ ഭയവും അശങ്കയും അകറ്റുന്നതിനും സംഭവസ്ഥലത്ത് കണ്ടെത്തിയ ആയുധങ്ങളുടെ ഉറവിടം കണ്ടെത്തുവാൻ പോലീസ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും വി.കെ.സജീവൻ കൂട്ടിചേർത്തു.