Saturday, November 23, 2024
General

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി


ആലപ്പുഴ: പുതിയ ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും നിലവിലുള്ള ആധാര്‍ കാര്‍ഡ് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാര്‍ അതോറിറ്റി(യു.ഐ.ഡി.എ.ഐ) കര്‍ശനമാ ക്കി. അപേക്ഷയ്‌ക്കൊപ്പം നല്‍കുന്ന രേഖകളിലെ ചെറിയ തെറ്റുകള്‍ പോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാനാണ് ഈ നടപടി. ആധാറിലെ പേരില്‍ ചെറിയ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ ഇനി ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധമായിരിക്കും.

പേരിന്റെ ആദ്യഭാഗമോ അല്ലങ്കില്‍ ഏതെങ്കിലുമൊരു അക്ഷരമോ ആണ് തിരുത്തേണ്ടതെങ്കിലും ഇത് ബാധകമാണ്. ഇതോടൊപ്പം പഴയ പേരിന്റെ തിരിച്ചറിയില്‍ രേഖയും നല്‍കണം. ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങി ഏതെങ്കിലുമൊന്ന് ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്. പേര് തിരുത്താന്‍ പരമാവധി രണ്ടു തവണയേ അവസരം നല്‍കൂ. ഈ നിബന്ധനയില്‍ ഇനി മാറ്റമുണ്ടാകില്ല.

ജനനതീയതി ഒരു തവണയേ തിരുത്താനാവൂ എന്ന നിബന്ധനയും ശക്തമാക്കി. 18 വയസു വരെയുള്ളവരുടെ ജനനതിയതി തിരുത്താന്‍ അതത് സംസ്ഥാനത്തെ അംഗീകൃത അധികാരികള്‍ നല്‍കുന്ന ജനനസര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ഇനി പരിഗണിക്കൂ. പാസ്‌പോര്‍ട്ട്, എസ്എസ്എല്‍സി ബുക്ക് എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവര്‍ക്ക് എസ്എസ് എല്‍സി ബുക്ക് തെളിവായി ഉപയോഗിക്കാം.

ഇതിന് കവര്‍പേജും വിലാസമുള്ള പേജും ബോര്‍ഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പമുള്ള മാര്‍ക്ക് ഷീറ്റ് എന്നിവയും നല്‍കണം. എസ് എസ്എല്‍സി ബുക്കിലെ പേരും ആധാറിലെ പേരും ഒരുപോലെയായിരിക്കണം.
ആധാര്‍ എടുക്കാനും തിരുത്താനും പൊതുമേഖലാ ബാങ്കിന്റെ പാസ്ബുക്കും തിരിച്ചറിയില്‍ രേഖ ആക്കുന്നതിനും വ്യവസ്ഥയുണ്ട്. അതിനായി മേല്‍വിലാസത്തിന്റെ തെളിവ് ബാങ്ക് രേഖയില്‍ ലഭ്യമാണെന്നും ഇ-കെ.വൈ.സി പൂര്‍ണമാണെന്നും ശാഖാമാനേജര്‍ സാക്ഷ്യപത്രം നല്‍കണമെന്നു മാത്രം. പൊതുമേഖലാ ബാങ്ക് നല്‍കുന്ന പാസ്ബുക്കിനു പുറമെയാണിത്.


Reporter
the authorReporter

Leave a Reply