കോഴിക്കോട്:നൊച്ചാട് സ്വദേശി അനുവിന്‍റെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ സഞ്ചരിച്ചയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നേരത്തെ മോഷണക്കേസിൽ ഉൾപ്പെട്ടയാളെന്നാണ് വിവരം. അനുവിന്‍റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. കാണാതായി 24 മണിക്കൂറിന് ശേഷമാണ് വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിൽ അനുവിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. തൊട്ടടുത്ത പറമ്പിൽ പുല്ലരിയാനെത്തിയവരാണ് മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്നയായി അനു മരിച്ചുകിടക്കുന്നത് കണ്ടത്.
മുങ്ങി മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും തോടിന് ഏറ്റവും താഴെയായി കാണുന്ന കറുത്ത ചളി ശ്വാസകോശത്തിൽ കണ്ടെത്തിയത്. പാദസരവും കമ്മലുമടക്കമുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടുവെന്ന കണ്ടെത്തലും കൂടിയായതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പേരാമ്പ്ര പൊലീസെത്തുന്നത്. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ഒരു ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
നേരത്തെ പോക്കറ്റടിക്കേസുകളിൽ ഉൾപ്പെട്ടയാളാണിതെന്നാണ് പൊലീസ് കിട്ടിയ വിവരം. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. വെള്ളത്തിൽ ബലമായി മുക്കി കൊലപ്പെടുത്തിയ ശേഷം സ്വർണം കവർന്നതാകാമെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ വാളൂർ സ്വദേശി അനുവിനെ കാണാതായിരുന്നു. തൊട്ടടുത്ത ദിവസമാണ് അള്ളിയോറത്തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. തോടിന് സമീപത്ത് നിന്നായി അനുവിന്‍റെ ഫോണും ചെരിപ്പും കണ്ടെടുത്തിരുന്നു