ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26ന്. ജൂൺ നാലിന് വോട്ടെണ്ണല്‍ നടക്കും. 2024 ജൂൺ 16 വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്ക്കും വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ്, ഒഡീഷ എന്നി സംസ്ഥാന നിയമസഭകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശിൽ മെയ് 13നാണ് നിയസഭാ തിരഞ്ഞെടുപ്പ്. ഒഡീഷയിൽ രണ്ട് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.രാജ്യത്തെ 97 കോടി വോട്ടർമാരാണ് ഏഴുഘട്ടത്തിലായി നടക്കുന്ന വോട്ടെടുപ്പിൽ പങ്കാളികളാവുക. പത്തരലക്ഷം പോളിങ്ങ്ബൂത്തുകളാണ് പൊതു തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാക്കുക. പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ്ങ് സൗകര്യം ഏര്‍പ്പെടുത്തും.
കരാർ ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 2100 തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിക്കും. പോളിങ്ങ് ബൂത്തുകളിൽ കേന്ദ്ര സേനയെ ഉൾപ്പെടെ സുരക്ഷയ്ക്കായി നിയോഗിക്കും. ബൂത്തുകളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. തിരഞ്ഞെടുപ്പിൽ മണിപവറും മസിൽ പവറും അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വോട്ടിന് പകരം മദ്യവും പണവും നൽകുന്നത് തടയുമെന്നും ഓൺലൈൻ പണമിടപാട് നീരീക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിമർശനമാകാം പക്ഷെ വ്യാജവാർത്തകൾ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തതവരുത്തി. സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
പോളിങ്ങ്ബൂത്തുകളിൽ വോട്ടർമാർക്ക് പ്രാഥമിക സൗകര്യം ഏര്‍പ്പെടുത്തും. ഗർഭിണികൾക്ക് പ്രത്യേകപരിഗണന നൽകും. ശാരീര ബുദ്ധിമുട്ടുള്ളവർക്ക് ബൂത്തുകളിൽ വീൽച്ചെയർ സൗകര്യം ഏര്‍പ്പെടുത്തും. 85 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട് ചെയ്യാം. 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീട്ടിൽ വോട്ടുചെയ്യാം. സ്ഥാനാർത്ഥികളുടെ വിവരങ്ങൾ വോട്ടറുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന വിധത്തിൽ മൊബൈൽ ആപ്പും ഒരുക്കിയിട്ടുണ്ട്.
വോട്ടർ ഐഡി വിവരങ്ങളും മൊബൈൽ ആപ്പിൽ ലഭ്യമാകും. 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരുമാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ പങ്കാളികളാവുക. 1.82 കോടി കന്നി വോട്ടർമാരും ഇത്തവണ വോട്ടു ചെയ്യാനെത്തും. 19.74 കോടി യുവവോട്ടർമാരും നൂറ് വയസ്സുള്ള 2.18 ലക്ഷം വോട്ടർമാരും 85 വയസ്സുള്ള 82 ലക്ഷം വോട്ടർമാരും 48000 ട്രാൻസ്ജൻഡേഴ്സ് വോട്ടർമാരും 88.4 ലക്ഷം ഭിന്നശേഷി വോട്ടർമാരും 19.1 ലക്ഷം സർവ്വീസ് വോട്ടർമാരും 13.4 ലക്ഷം മുൻകൂർ അപേക്ഷകരുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായുള്ള വോട്ടർപട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവൻ വോട്ടർമാരോടും തിരഞ്ഞെടുപ്പിൽ പങ്കാളികളാകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർത്ഥിച്ചു.
പ്രധാന രാഷ്ട്രീയ കക്ഷികളുടെയെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പ്രവര്‍ത്തനവും സഖ്യചര്‍കളും ഏകദേശം അവസാനഘട്ടത്തിലാണ്. ബിജെപിയും കോണ്‍ഗ്രസും ഇതിനകം രണ്ടുഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.