Saturday, May 4, 2024
General

ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അയല്‍വാസിയായ യുവാവിനെ കൊന്നു


അയല്‍വാസിയായ യുവാവിനെ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കൊലപ്പെടുത്തി. 17 കാരനെ മര്‍ദിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിയുടെ വീട്ടില്‍ നിന്നുതന്നെ കാണാതായ ഫോണ്‍ കണ്ടുകിട്ടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗജ്‌റൗളയിലെ ബിതൗര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കപില്‍ കുമാര്‍ എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതി കല്ലുവിനെ( 26) കഴിഞ്ഞ ദിവസമാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

കല്ലുവിന്റെ 5000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ കാണാതായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഏപ്രില്‍ 12ന് രാത്രി ഒരു വിവാഹ ഘോഷയാത്രയ്ക്കിടെ കപിലിനെ തട്ടിക്കൊണ്ടുപോയിരുന്നു. ഫോണ്‍ താന്‍ മോഷ്ടിച്ചില്ലെന്ന് കപില്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും പ്രതി അത് കേട്ടില്ല. കപിലിനെ ക്രൂരമായി മര്‍ദിക്കുകയും കഴുത്തു ഞെരിച്ച് കൊല്ലുകയും ചെയ്തു.

കൊലപാതകം നടന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്വന്തം വീട്ടില്‍ നിന്ന് ഫോണ്‍ കണ്ടെത്തി. കപിലിന് ജീവനുണ്ടാകുമെന്ന് കരുതി ഓടിയെത്തിയെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് മറ്റൊരു കര്‍ഷകന്റെ ഗോതമ്പ് വയലില്‍ മൃതദേഹം ഉപേക്ഷിച്ച് ഒളിവില്‍ പോവുകയായിരുന്നു. ഏപ്രില്‍ 14 ന് വൈകുന്നേരമാണ് വയലില്‍ നിന്ന് കപിലിന്റെ മൃതദേഹം കുടുംബം കണ്ടെത്തുന്നത്.തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച പിലിഭിത് മെഡി. കോളജിന് സമീപത്തുനിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.


Reporter
the authorReporter

Leave a Reply