Politics

ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടിക ഉടൻ തയ്യാറാക്കണം; സർക്കാർ തിരിച്ചറിയൽ കാർഡില്ലാത്ത ഒരാളെയും കേരളത്തിൽ ജോലി ചെയ്യാൻ അനുവദിക്കരുത്: എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ്


കോഴിക്കോട്: കേരളത്തിൽ അടിയന്തിരമായി ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടിക തയ്യാറാക്കണമെന്ന് എൻ ഡി എ കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി എംടി രമേശ്. ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ച് യാതൊരു വിവരവും സംസ്ഥാന സർക്കാരിന്റെ കയ്യിൽ ഇല്ലെന്നും എം ടി രമേശ് ആരോപിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രിമിനൽ പശ്ചാത്തലം, മേല്‍വിലാസം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാന്‍ സംസ്ഥാനത്ത് യാതൊരു സംവിധാനവുമില്ല.വലിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവര്‍ കേരളത്തില്‍ വന്നു ജോലി ചെയ്യുന്നു. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ പട്ടിക അടിയന്തിരമായി തയ്യാറാക്കണം. വിശദാംശങ്ങൾ പരിശോധിക്കണം.സര്‍ക്കാര്‍ അവർക്ക് നേരിട്ട് ഐഡൻ്റിറ്റി കാർഡ് നല്‍കണം. സർക്കാരിന്റെ ഐഡന്റിറ്റി കാര്‍ഡില്ലാത്ത ഓരാളെയും കേരളത്തില്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കരുത്. തൃശൂര്‍ സംഭവം ഇതിന്റെ അടിയന്തിര ആവശ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.അദ്ദേഹം അഭിപ്രായപ്പെട്ടു

കേരളത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ അനുഭവിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളുടെ അതിക്രമമാണ്. ഇത്തരം അതിക്രമം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും എംടി രമേശ് കുറ്റപ്പെടുത്തി. ട്രെയിനില്‍ നിന്നും ഗോവിന്ദച്ചാമി തള്ളിയിട്ടു കൊന്ന സൗമ്യയുടെ മരണം മുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ കൊലപാതകം വരെ ഉണ്ടായപ്പോഴൊക്കെ അവരുടെ പട്ടിക തയ്യാറാക്കാന്‍ ആവശ്യങ്ങൾ ഉയർന്നിരുന്നു. വ്യാജപേരുകളിലും, തിരിച്ചറിയൽ കാർഡുകളിലുമായി നിരവധി പേരാണ് കേരളത്തിൽ ജോലി ചെയ്യുന്നത്. ഒരേ പേരിലും , കാർഡിലുമായി രണ്ടും മൂന്നും ആളുകൾ ജോലി ചെയ്യുന്നുണ്ട് . എംടി രമേശ് ചൂണ്ടിക്കാട്ടി.

റെയില്‍ ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആർപിഎഫും ലോക്കല്‍ പോലീസും സംയുക്ത സംവിധാനം അനിവാര്യമാണ് . ഇത്തരം അക്രമം ഉണ്ടാകുമ്പോള്‍ ലോക്കല്‍ പോലീസിൻ്റെ സഹായമാണ് തേടുക. ആര്‍പിഎപുമായി സഹകരിച്ചുള്ള ആഭ്യന്തര സംവിധാനം ഒരുക്കണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു

കോഴിക്കോടിന്റെ റെയില്‍വേ വികസനം നടക്കുന്നത് മോദി സർക്കാരിൻ്റെ കാലത്താണ്. 400 കോടി. പ്രാഥമിക പ്രവര്‍ത്തനത്തിന് അനുവദിച്ചു. ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്ഥാനാർഥി


Reporter
the authorReporter

Leave a Reply