Politics

അർപ്പണ മനോഭാവമുള്ള തൊഴിലാളികൾ രാജ്യത്തിന്റെ കരുത്ത്; വി. രാധാകൃഷ്ണൻ


കോഴിക്കോട്: അർപ്പണമനോഭാവമുള്ള തൊഴിലാളികളാണ് രാജ്യത്തിന്റെ പുരോഗതിക്ക് കരുത്തേകുന്നതെന്ന് ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണൻ പറഞ്ഞു. തൊഴിൽ ആരാധനയാണെന്ന കാഴ്ചപ്പാടോടെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ് ബിഎംഎസ്. ഒരു കോടി അറുപത്തിനാല് ലക്ഷത്തിൽ പരം അംഗങ്ങൾ ഉള്ള സംഘടനയായി ഭാരതീയ മസ്ദൂർ സംഘം വളർന്നു കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. ബിഎംഎസ് സ്ഥാപകനായ ദത്തോപാന്ത് ഠേംഗ്ഡിയുടെ പേരിൽ കോഴിക്കോട് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പൂർത്തീകരണത്തിന് വേണ്ടി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ പ്രഥമ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കേസരി ഭവനിലെ പരമേശ്വരം ഹാളിൽ ചേർന്ന യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ ആചാര്യ എ. കെ. ബി. നായർ അധ്യക്ഷത വഹിച്ചു.


മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി. വി. ചന്ദ്രൻ, അളകാപുരി ഹോട്ടൽ മാനേജിംഗ് ഡയറക്ടർ എ. വിജയൻ എന്നിവരെ യോഗത്തിൽ പ്രത്യേകം ആദരിക്കുകയും ചെയ്തു. കോഴിക്കോട് വിഭാഗ്സഹ സംഘചാലക് എ. കെ. ശ്രീധരൻ മാസ്റ്റർ, ഗുരുവായൂരപ്പൻ കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ. സുമതി ഹരിദാസ്, ബിഎംഎസ് മുൻ സംസ്ഥാന ഉപാധ്യക്ഷൻ കെ. ഗംഗാധരൻ മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ എന്നിവർ സംസാരിച്ചു.


നിധി സമാഹരണത്തിലേക്കുള്ള ആദ്യ സംഭാവന കെ. ഗംഗാധരനിൽ നിന്ന് സ്വാഗതസംഘം ചെയർമാൻ ആചാര്യ എ. കെ. ബി. നായർ ഏറ്റുവാങ്ങി, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരൻ പദ്ധതി വിശദീകരിക്കുകയുണ്ടായി, ജില്ലാ സെക്രട്ടറി ടി. എം. പ്രശാന്ത് സ്വാഗതവും സാമ്പത്തിക കൺവീനർ സി.പി. രാജേഷ് നന്ദിയും പറഞ്ഞു, പി. ശശിധരൻ ഇ. ദിവാകരൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.


Reporter
the authorReporter

Leave a Reply