കോഴിക്കോട്: റോഡിലേക്ക് ചാഞ്ഞ് നിന്ന തണൽമരത്തിൽ കണ്ടെയിനർ ലോറിയിടിച്ച് അപകടം. ബേപ്പൂർ ചെറുവണ്ണൂർ റോഡിൽ ചീർപ്പ് പാലത്തിന് സമീപത്തെ കയറ്റത്തിലാണ് അപകടം ഉണ്ടായത്. കണ്ടെയിനർ ലോറിയുടെ ക്യാബിൻ തകർന്നു. എതിരെ വന്ന വാഹനത്തിന് അരിക് നൽകുമ്പോൾ റോഡിലേക്ക് ചാഞ്ഞു നിന്ന മരത്തിൽ ഇടിക്കുകയായിരുന്നു.കൊച്ചിയിൽ നിന്നും പി.വി.സി പൈപ്പുമായി വന്നതായിരുന്നു കണ്ടെയിനർ ലോറി. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മീഞ്ചന്തയിൽ നിന്ന് അഗ്നിശമന സേനയെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു. മാസങ്ങൾക്ക് മുൻപ് ഇതേ മരത്തിൽ കണ്ടെയിനർ ഇടിച്ച് അപകടം ഉണ്ടായിരുന്നു.ഇടിയുടെ ശക്തിയിൽ കണ്ടെയിനർ ലോറിയിൽ നിന്നും വേർപെട്ട് റോഡിൻ്റെ എതിർവശത്തേക്ക് മറിയുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് മറ്റ് വാഹനയാത്രക്കാർ രക്ഷപ്പെട്ടത്.അന്ന് തണൽമരം ഭാഗികമായാണ് മുറിച്ചുനീക്കിയത്.
പൂർണ്ണമായും മുറിച്ചു നീക്കാത്തതിനാലാണ് അപകടം ആവർത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ അപകടം നടന്നതിന് എതിർവശത്തും റോഡിലേക്ക് ചാഞ്ഞ തണൽ മരമുണ്ട്. ബേപ്പൂർ തുറമുഖത്തേക്കും പരിസരങ്ങളിലെ ലോജസ്റ്റിക്സ് സെൻ്റെറുകളിലേക്കും ദിവസവും നിരവധി കണ്ടെയിനർ ലോറികളാണ് എത്തുന്നത്.ഈ മരങ്ങൾ അവയ്ക്കെല്ലാം ഭീഷണിയായി തുടരുകയാണ്.