ഗോവ ചലച്ചിത്രോത്സവത്തിലെ
വിദേശിയുടെ വിമർശനം, രാജ്യത്തിന് ഏറ്റ നാണക്കേടെന്ന് മുൻ സാസ്ക്കാരിക മന്ത്രി എം.എ ബേബി
കോഴിക്കോട് :സത്യജിത് റേയുടെയും ഘട്ടക്കിന്റെയും അടൂരിന്റെയുമൊക്കെ സിനിമകളുടെ സ്ഥാനത്ത് , യാതൊരു നിലവാരവുമില്ലാത്ത സിനിമ ഗോവ ചലച്ചിത്രോത്സവത്തിൽ കയറി വന്നതിനെ വിമർശിക്കാൻ ഒരു ഇസ്രായേൽ ചലച്ചിത്രകാരൻ തന്നെ വേണ്ടി വന്നുവെന്നത് അന്തരാഷ്ട്ര തലത്തിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന്
മുൻ സാംസ്കാരിക വകുപ്പ് മന്ത്രി. എം. എ ബേബി. ചെലവൂർ
കാളാണ്ടിത്താഴം ദർശനം സാംസ്കാരികവേദി യുടെ രജത ജൂബിലി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാവിൽ നിന്നും തൂലികയിൽ നിന്നും സിനിമയിൽ നിന്നുമെല്ലാം വിഷം പുറത്തേക്ക് വമിച്ചു കൊണ്ടിരിക്കുന്ന ഒരു സമയത്ത്, ഇതിനെതിരെയുള്ള സാംസ്കാരിക പ്രവർത്തനത്തിന്റെ പ്രസക്തി ഏറിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ പറയുന്നതേ നിങ്ങൾ വായിക്കാവൂ, ഞങ്ങൾ കാണുവാൻ സമ്മതിച്ചതേ നിങ്ങൾ കാണുവാൻ പാടുള്ളൂവെന്ന രീതിയിൽ ഫാഷിസം എല്ലാ രീതിയിലും നമുക്ക് നേർക്ക് കടന്നു വരുമ്പോൾ സാംസ്കാരിക കൂട്ടായ്മകളുടെ പ്രസക്തി കൂടുകയായണെന്നും
ദർശനം സാംസ്കാരികവേദി പോലുള്ളവയുടെ പ്രവർത്തനം ഏറെ ശ്ളാഘനീയമാകുന്നതി തു കൊണ്ടാണെന്നും ബേബി പറഞ്ഞു.
അന്ധകാരവും സാമൂഹ്യവിരുദ്ധതയുമെല്ലാം ഇന്ന് പഴയതിനെക്കാൾ കൂടുതൽ ശക്തമായി ഫണം വിടർത്തിയാടുകയാണ്. ഈ സമയത്ത് നമുക്ക് വരദാനമായി കിട്ടിയ ജീവിതം നമ്മൾ എങ്ങനെയാണ് ശരിക്കും ഉപയോഗിക്കുന്നതെന്ന് ഏറെ ആലോചിക്കേണ്ട സമയം കൂടിയാണിത്.
നമ്മൾ ഒന്ന് എന്ന സന്ദേശം വിളിച്ചു പറയുന്ന പ്രാദേശിക കൂട്ടായ്മകളുടെ പ്രസക്തി ഏറെയാണെന്നും
അദ്ദേഹം പറഞ്ഞു.ചടങ്ങിൽ
പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. യു. ഹേമന്ത് കുമാർ അധ്യക്ഷത വഹിച്ചു.തുടർന്ന് ലതാ ലക്ഷ്മിയുടെ ചെമ്പരത്തി എന്ന കഥാ സമാഹാരത്തിന്റെ വിമർശനപഠനം ദേശാഭിമാനി വാരിക പത്രാധിപർ പ്രൊഫ. കെ.പി. മോഹനൻ, കൊടുവള്ളി ഗവ. കോളേജിലെ ഡോ. കെ.മഞ്ജു എന്നിവർ അവതരിപ്പിച്ചു.തുടർന്ന് അഡ്വ. പി.എൻ . ഉദയഭാനു , ടി.വി ലളിത പ്രഭ, ഡോ. എ.കെ. അബ്ദുൾ ഹക്കീം, അനിമോൾ , കെ.സുരേഷ് കുമാർ, മനോഹർ തോമസ്, എം.എ ജോൺസൺ എന്നിവർ സംസാരിച്ചു.തുടർന്ന് എൻ.പി രാജേന്ദ്രൻ , ലതാലക്ഷ്മി, കുമാരി അശ്വതി രാമൻ, കെ.കെ. ഉണ്ണികൃഷ്ണൻ എന്നിവർക്ക് കവി. പി.കെ.ഗോപി ദർശനം രക്ഷാധികാരി അംഗത്വ ഫലകം നല്കി.
പ്രസിഡന്റ് ടി.കെ. സുനിൽകുമാർ സ്വാഗതവും കൺവീനർ സുധി നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് ലതാലക്ഷ്മിയുടെ അഞ്ച് രചനകൾക്ക് പ്രമുഖ ചിത്രകാരന്മാരായ കബിത മുഖോപാദ്ധ്യായ, ഫ്രാൻസിസ് കോടങ്കണ്ടത്ത് , കെ. സുധീഷ് , ജോസഫ്. എം. വർഗീസ്, സുനിൽ അശോകപുരം എന്നിവർ തയ്യാറാക്കിയ ചിത്രീകരണം എം.എ ബേബി ഏറ്റുവാങ്ങി. ലതാ ലക്ഷ്മി മറുപടി പ്രസംഗവും നടത്തി.