കോഴിക്കോട്: പന്തീരാങ്കാവ് അങ്ങാടിയിൽ ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സിൽ പുതിയ കംഫർട്ട് സ്റ്റേഷൻ ഒരുങ്ങുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നു നില കെട്ടിടത്തിലെ കച്ചവടക്കാരുടെ വളരെക്കാലമായുള്ള ഒരാവശ്യത്തിനാണ് ഇതോടെ പരിഹാരമാകുക. വർഷങ്ങളുടെ പഴക്കമുള്ള ശുചിമുറി മാത്രമായിരുന്നു ഇവിടെ മുൻപുണ്ടായിരുന്നത്. ഷോപ്പിംഗ് കോംപ്ലക്സിലുള്ള സ്ത്രീകളടക്കമുള്ള ജീവനക്കാരുടെ ഏക ആശ്രയമായിരുന്ന ശുചിമുറിയാണ് ഇപ്പോൾ ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലീകരിച്ച് കംഫർട്ട് സ്റ്റേഷൻ ആക്കി മാറ്റിയത്.
ശുചിമുറി മാത്രമല്ല, വിശാലമായ ഒരു കഫറ്റീരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട് ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി പറഞ്ഞു. ഷോപ്പിംഗ് കോംപ്ലക്സിലെ ജീവനക്കാർക്ക് ആവശ്യമായ ചായയും പലഹാരങ്ങളും ഇവിടെയൊരുങ്ങും. കുടുംബശ്രീ പ്രവർത്തകർക്കായിരിക്കും കഫറ്റീരിയ നടത്തിപ്പ് – പരിപാലന ചുമതല. പഞ്ചായത്തിന്റെ സ്വയം തൊഴിൽ പദ്ധതിയിലുൾപ്പെടുത്തിയാണ് രണ്ടു കുടുംബശ്രീ അംഗങ്ങൾക്ക് കഫറ്റീരിയയിൽ തൊഴിൽ നൽകിയത്