Friday, December 27, 2024
Art & CultureLatest

പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവൻ അന്തരിച്ചു


പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവൻ അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ആയിരുന്നു അന്ത്യം. വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.  കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കോഴിക്കോട് പാലേരി സ്വദേശിയാണ്. ഭാര്യ: പി.ആര്‍.സാധന. മക്കള്‍: ശ്രീദേവി, പാര്‍വ്വതി.

റിട്ട.അധ്യാപകനായ തച്ചംപൊയില്‍ രാഘവന്‍ നായരുടേയും ദേവി അമ്മയുടേയും മകനായി 1959ലാണ് ജനനം. പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിൻറെ കഥയടക്കമുള്ള നോവലുകളുടെ എഴുത്തുകാരനാണ് ടി പി. ബിരുദപഠനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല പിആര്‍ഒ ആയിരുന്നു. കവിതകള്‍, യാത്രാ വിവരണങ്ങള്‍, ലേഖന സമാഹാരം, നോവല്‍ എന്നിങ്ങനെ സാഹിത്യ മേഖലയില്‍ നിരവധി സംഭാവനകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് ടി പി രാജീവന്‍. കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു. ഇംഗ്ലീഷ് കവി എന്ന നിലയില്‍ വിദേശത്തടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. തച്ചംപൊയില്‍ രാജീവന്‍ എന്ന പേരിലായിരുന്നു ഇംഗ്ലീഷിലുള്ള രചനകള്‍.

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍ എന്നിവയാണ് പ്രധാനപ്പെട്ട നോവലുകള്‍. ഇതില്‍ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും ചലച്ചിത്രമായി ചിത്രീകരിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply