കോഴിക്കോട്: യുവ സഞ്ചാര സാഹിത്യകാരൻ ആസിഫ് അലി രചിച്ച ബെഹ്താ ഹുവാ പാനി പ്രമുഖ നടൻ മാമുക്കോയ പ്രകാശനം ചെയ്തു. പ്രമുഖ തിരക്കഥാകൃത്ത് ദിദി ദാമോധരൻ ആദ്യ കോപ്പി സ്വീകരിച്ചു. സമീപകാലത്ത് താൻ വായിച്ച ഏറ്റവും നല്ല യാത്രാവിവരണമാണ് ബെഹ്താ ഹുവാ പാനിയെന്ന് മാമുക്കോയ പറഞ്ഞു. രചനയുടെ ലാളിത്യത്ത്വത്തിൽ അതിവേഗം വായിച്ച് തീർക്കാനായി. ഒരു പക്ഷേ കശ്മീരിനെ ഏറ്റവുമധികം ദിവസം അടുത്ത്കണ്ട മലയാളി താനായിരിക്കുമെന്നും ജോഷി സംവിധാനം ചെയ്ത ‘നായർസാബ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ ഓർത്തെടുത്ത് മാമുക്ക പറഞ്ഞു. കശ്മിരായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. 18 ദിവസം കശ്മീരിലായിരുന്നു. എനിക്ക് ഷൂട്ട് രണ്ട് ദിവസം മാത്രം. ബാക്കി ദിവസങ്ങളിൽ രാവിലെ ഹോട്ടലിൽ നിന്നിറങ്ങും. കാൽനടയായി കറങ്ങും. വഴി തെറ്റിയിൽ താമസിക്കുന്ന ഹോട്ടലിന്റെ കാർഡ് കാണിച്ച് കുതിരവണ്ടിയിലോ,സൈക്കിൾ റിക്ഷയിലോ ഹോട്ടലിലെത്തും. വണ്ടിക്കാർക്ക് ഒരു രൂപയോ, രണ്ട് രുപയോ നൽകിയാൽ മതിയാവും-മാമുക്കോയ പറഞ്ഞു.
പ്രമുഖ മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ അധ്യക്ഷനായിരുന്നു. കോർപ്പറേഷൻ കൗൺസിലർ അഡ്വ.സി.എം ജംഷീർ, ജെ.ഡി.ടി ഫിസിയോ തെറാപ്പി കോളജ് പ്രിൻസിപ്പാൾ ഡോ. പി .സജീവൻ,ബിലാൽ ശിബിലി,പി.നജ്മുദിൻ,പി.ഖുദ്റത്ത്,പി.പി. ആസിഫ്,വി.അമീർ,കെ.ആഫിഫ് , ജമിലാ അലി സംസാരിച്ചു. സാജിതാ കമാൽ സ്വാഗതം പറഞ്ഞു. ഗ്രന്ഥകാരൻ ആസിഫ് അലി നന്ദി പ്രകാശിപ്പിച്ചു