തിരുവനന്തപുരം;പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ തയ്യാറെടുത്ത് പൊലീസ്. തോക്ക് ഉപയോഗിക്കാനാണ് പരിശീലനം നല്‍കുക. തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ക്കും ലൈസന്‍സിന് അപേക്ഷ നല്‍കിയവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. ഇത് സംബന്ധിച്ച് ഡിജിപി അനില്‍ കാന്ത് ഉത്തരവിറക്കി.
ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപിയുടെ ഉത്തരവ്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെ പരിശീലനത്തിനായി ഈടാക്കും. ഫയറിങ്ങിന് 5000 രൂപയും ആയുധങ്ങളെ കുറിച്ച് അറിയുന്നതിനും മനസിലാക്കുന്നതിനും 1000 രൂപയുമാണ് ഈടാക്കുക. സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ശാരീരികവും മാനസികവുമായ ഫിറ്റ്നെസ്, ആധാര്‍ കാര്‍ഡ്, ആയുധ ലൈസന്‍സ് എന്നിവ ഹാജരാക്കിയവര്‍ക്ക് മാത്രമായിരിക്കും പരിശീലനം നല്‍കുക.സംസ്ഥാനത്ത് നിരവധി ആളുകളുടെ കയ്യില്‍ തോക്കിന് ലൈസന്‍സ് ഉണ്ട്. എന്നാല്‍ പലര്‍ക്കും ഇത് ഉപയോഗിക്കാന്‍ അറിയില്ല. ഇതേ തുടര്‍ന്ന് ആയുധപരിശീലനത്തിന് സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ആളുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദ്ദേശം.