Thursday, December 26, 2024
Latest

ചെറുവണ്ണൂരിന്‌ ആശ്വാസ പാത ; മേൽപാലത്തിന് ഭരണാനുമതി


കോഴിക്കോട്:ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ചെറുവണ്ണൂരിൽ മേൽപ്പാലം നിർമിക്കാൻ സർക്കാർ ഭരണാനുമതി നൽകി. 85.2 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നാല് വരിപ്പാതയായാണ് പാലം രൂപ കൽപ്പന ചെയ്തിട്ടുള്ളത്. ഏത് നേരവും വലിയ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന ചെറുവണ്ണൂരിന്റെ മുഖച്ഛായ പാലം യാഥാർഥ്യമാവുന്നതോടെ മാറും. കേരളം റോഡ് ഫണ്ട് ബോർഡിനാണ് പാലത്തിന്റെ നിർമാണ ചുമതല.

ചെറുവണ്ണൂർ താഴെ, ചെറുവണ്ണൂർ മേലെ എന്നീ രണ്ട് ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് ചെറുവണ്ണൂർ മേൽപാലം വരുന്നതോടെ പരിഹരിക്കപ്പെടും. കോഴിക്കോട് നഗരത്തിലേക്കും മലപ്പുറം ജില്ലയിലേക്കും വഴിയിൽക്കിടക്കാതെ എത്തിച്ചേരാൻ ഏറെ സഹായിക്കുന്നതായിരിക്കും ഈ മേൽപാലം. ഏറെക്കാലമായി വിമാനത്താവളത്തിലേക്കും ഇതുവഴി മെഡിക്കൽ കോളേജ് ആശുപത്രീയിലേക്കും അടക്കമുള്ള യാത്രക്കാർ അനുഭവിക്കുന്ന തീരാ ദുരിതത്തിന് പാലം പണി പൂർത്തിയാവുന്നതോടെ അറുതിയാവും. ചെറുവണ്ണൂരിലെ കുരുക്കിൽ പെട്ട് സമയം വൈകി എത്രയോ യാത്രക്കാർക്ക് വിമാനം നഷ്ടപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആണ് ആരംഭിക്കുക. ടി പി റോഡ് ജംങ്ഷൻ , ബിസി റോഡ്, കൊളത്തറ റോഡ് ജംങ്ഷൻ എന്നിവ കൂട്ടിയിണക്കിയാകും പാലം നിർമ്മാണം. പുതുതായി ചെറുവണ്ണൂർ – കൊളത്തറ റോഡ് നവീകരണം ആരംഭിച്ചതിനാൽ റോഡ് വീതി കൂട്ടലും ഭൂമി ഏറ്റെടുക്കലും ഇവിടെ എളുപ്പമായേക്കും. ബിസി റോഡു നവീകരണവും പ്രാഥമിക ഘട്ടത്തിലാണ്.

പാലത്തിനു ഭരണാനനുമതി ലഭിച്ചത് ചെറുവണ്ണൂരിന്റെ മാത്രമല്ല, മലബാറിന്റെ തന്നെ ഗതാഗത മേഖലയിൽ സുപ്രധാന നടപതിയായി മാറുമെന്നും തുടർനടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply