Thursday, December 26, 2024
GeneralLatest

സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്; നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും


സംസ്ഥാന ബജറ്റ് അവതരണത്തിന് മുന്നോടിയായി നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. മാര്‍ച്ച് 11നാണ് ബജറ്റ് അവതരണം. പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത് സമ്മേളനമാണ് വെള്ളിയാഴ്ച ആരംഭിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക.

രണ്ട് ഘട്ടമായാണ് സമ്മേളനം നടക്കുക എന്ന് സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി ചേരുന്ന സഭ മാര്‍ച്ച് 23 ന് പിരിയുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 21ന് അന്തരിച്ച എംഎല്‍എ പിടി തോമസിന് ആദരം അര്‍പ്പിക്കും. തുടര്‍ന്ന് 22 മുതല്‍ 24 വരെ നയപ്രഖ്യാപനത്തിന്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കി സഭ പിരിയും. ബജറ്റ് അവതരണത്തോടെയാണ് രണ്ടാം ഘട്ടം ആരംഭിക്കുക.

മാര്‍ച്ച് 11 ന് 2022-23 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. ശേഷം 14 മുതല്‍ 16 വരെ ബജറ്റിനെ കുറിച്ചുള്ള പൊതു ചര്‍ച്ച നടക്കും. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനായുള്ള വോട്ട്-ഓണ്‍-അക്കൗണ്ട് 22ന് സഭ പരിഗണിക്കും.

രണ്ട് ഘട്ടങ്ങളിലായി 14 ദിവസമാണ് ബജറ്റ് സമ്മേളനം ചേരുന്നത്. സഭാ നടപടികളുടെ വെബ് കാസ്റ്റിംഗ് ഒന്നര മണിക്കൂര്‍ വൈകിയാണ് നടക്കുന്നത് ഇത് 15 മിനിട്ടായി കുറയ്ക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. കോവിഡ് കാലത്ത്‌ രാജ്യത്തേറ്റവും ദിവസം സമ്മേളിച്ചത് കേരള നിയമസഭയാണെന്നും  എംബി രാജേഷ് പറഞ്ഞു.


Reporter
the authorReporter

Leave a Reply