കോഴിക്കോട്: സിആര്‍സി കോഴിക്കോട് ( കോമ്പോസിറ്റ് റീജ്യണല്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്മെന്റ്, റീഹാബിലിറ്റേഷന്‍ & എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ് -കോഴിക്കോട്) അത്യാധുനിക സൗകര്യങ്ങളോടെ സ്വന്തം കെട്ടിടത്തിലേക്ക്. ചേവായൂര്‍ ത്വക്ക് രോഗആശുപത്രി കോമ്പൗണ്ടില്‍ നിര്‍മാണം പൂര്‍ത്തിയായ നൂതന സെന്ററിന്റെ ഉദ്ഘാടനം ജനുവരി 18 ന് വൈകുന്നേരം 4 മണിക്ക് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി ഡോ. വീരേന്ദ്ര കുമാര്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. കേന്ദ്ര സഹമന്ത്രിമാരായ എ. നാരായണസ്വാമി, പ്രതിമ ഭൗമിക്, രാംദാസ് അതാവാലെ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍. ബിന്ദു, എം.കെ. രാഘവന്‍ എംപി, ഭിന്നശേഷി ശാക്തീകരണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
ഭാരത സര്‍ക്കാര്‍ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിലെ ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സിആര്‍സി. ഭിന്നശേഷി മേഖലയുടെ സമഗ്ര ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യയിലെ രണ്ടാമത്തെയും, കേരളത്തിലെ ആദ്യത്തെയും സ്ഥാപനമാണിത്. കേരളത്തിനു പുറമെ ലക്ഷദ്വീപും കോഴിക്കോട് സിആര്‍സിയുടെ ചുമതലയിലാണ്. രാജ്യത്ത് 21 സിആര്‍സികളില്‍ പ്രവര്‍ത്തന മികവില്‍ മുന്നിട്ടു നില്‍ക്കുന്നതാണ് കോഴിക്കോട് സിആര്‍സി.
ഭിന്നശേഷിക്കാര്‍ക്ക് എല്ലാവിധ റിഹാബിലിറ്റേഷന്‍ ചികിത്സയും തെറാപ്പിയും ഒരു കുടക്കീഴില്‍ സൗജന്യമായി നല്‍കുന്ന കേരളത്തിലെ ഏക കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണിത്. ഫിസിയോതെറാപ്പി, ഒക്കുപ്പേഷനല്‍ തെറാപ്പി, സ്പീച്ച് & ഹിയറിങ്ങ്, സ്പെഷല്‍ എജുക്കേഷന്‍, ക്ലിനിക്കല്‍ സൈക്കോളജി, പ്രോസ്തെറ്റിക് & ഓര്‍ത്തോട്ടിക്സ്, വൊക്കേഷണല്‍ ട്രെയിനിങ്ങ് & സ്‌കില്‍ ഡെവലപ്മെന്റ്, സോഷ്യല്‍ വര്‍ക്ക് & പ്ലേസ്മെന്റ് എന്നീ വകുപ്പുകള്‍ സിആര്‍.സി.യില്‍ പ്രവര്‍ത്തിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍, ലെക്ചറര്‍ തുടങ്ങിയ തസ്തികകളിലെ ഉയര്‍ന്ന നിലവാരത്തിലെ റിഹാബ് പ്രൊഫഷണലുകളുടെ സേവനം, ആധുനിക തെറാപ്പി സംവിധാനങ്ങളോടും രോഗനിര്‍ണ്ണയ ഉപകരണങ്ങളോടും കൂടി സജ്ജീകരിച്ച ശീതീകരിച്ച തെറാപ്പി ഹാളുകള്‍, തൊഴില്‍ പരിശീലന നൈപുണ്യ വികസന സംവിധാനങ്ങള്‍, ഭിന്നശേഷിയിലെ വിവിധ ഗവേഷണ പദ്ധതികള്‍ എല്ലാം സി.ആര്‍.സി.യില്‍ സജ്ജീകരിച്ചിരിക്കുന്നു.
ജനനം മുതല്‍ ആറു വയസു വരെയുള്ള കുട്ടികളുടെ ഭിന്നശേഷിത്വം വളരെ മുന്‍പ് തന്നെ കണ്ടെത്തി പരിഹാരം, ചികിത്സ, പുനരധിവാസം എന്നിവ ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള ക്രോസ്സ് ഡിസബിലിറ്റി ഏര്‍ലി ഇന്റര്‍വെന്‍ഷന്‍
സെന്ററും കോഴിക്കോട് സിആര്‍സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭിന്നശേഷി രംഗത്തെ പുനധിവാസം, ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനം, ഇത്തരക്കാര്‍ക്കായി ഭരത സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ സംസ്ഥാനത്തെ നിര്‍വ്വഹണം, ബോധവത്കരണ-ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം സി.ആര്‍.സി.യുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ പെടുന്നു. എല്ലാ സേവനങ്ങളും തീര്‍ത്തും സൗജന്യമാണ്.
ഭിന്നശേഷി പുനരധിവാസ മേഖലയിലേക്ക് ഉന്നത നിലവാരത്തിലുള്ള പ്രൊഫഷണല്‍സിനെ വാര്‍ത്തെടുക്കുന്നതിനുള്ള അംഗീകൃത കോഴ്‌സുകളും കോഴിക്കോട് സിആര്‍സിയില്‍ നടത്തുണ്ട്. 2012 മുതലാണ് സി.ആര്‍.സി. കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യകാലത്തു വെളിമാടുകുന്ന് സോഷ്യല്‍ വെല്‍ഫയര്‍ കോംപ്ലക്‌സിലും പിന്നീട് ഇംഹാന്‍സ് ക്യാമ്പസ്സിലും പ്രവര്‍ത്തിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ എം.കെ. രാഘവന്‍ എംപി, നജികേത റാവത്ത് ( ഡയറക്ടര്‍ എന്‍ഐഇഎംപിഡി – ചെന്നൈ) റോഷന്‍ ബിജിലി കെ.എന്‍. (ഡയറക്ടര്‍ സിആര്‍സി – കോഴിക്കോട്), ശങ്കരനാരായണന്‍ ( ഡെപ്യൂട്ടി റജിസ്ട്രാര്‍ എന്‍ഐഇഎംപിഡി – ചെന്നൈ) എന്നിവര്‍ പങ്കെടുത്തു