മുംബൈ: കോഴിക്കോട് കക്കോടി സ്വദേശിനി നിള നാഥിന് ബൈജൂസ് യങ് ജീനിയസ് ദേശീയ അവാർഡ്. രാജ്യത്തെ ആറ് മുതൽ 15വയസ്സ് വരെയുള്ള കുട്ടികളിൽ നിന്ന് യങ് ജീനിയസിനെ കണ്ടെത്താൻ ബൈജൂസ് ആപ്പ് ന്യൂസ് 18 ചാനലുമായി ചേർന്ന് നടത്തിയ യങ് ജീനിയസ് പരിപാടിയിലാണ് നിള ഇന്ത്യൻ ക്ലാസിക് നൃത്ത രംഗത്തെ മികവ് തെളിയിച്ചത്. ഇരുപതിനായിരത്തിൽപരം കുട്ടികളിൽ നിന്ന് കല, വിദ്യാഭ്യാസം, ടെക്നോളജി, സ്പോർട്സ് മേഖലകളിൽ കഴിവ് വിലയിരുത്തിയാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ബൈജൂസ് ആപിന്റെ രണ്ടാമത് “യങ് ജീനിയസ് ” അവാർഡ് രാജ്യത്തെ 22 പേർക്കാണ് സമ്മാനിച്ചത്.
നിളാ നാഥ്
കോഴിക്കോട് കക്കോടി സ്വദേശിനി. പതിനാലുകാരിയായ നിളാ നാഥ് ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികളിൽ നൃത്തമവതരിപ്പിച്ച ശ്രദ്ധേയയാണ്. 12 സംസ്ഥാനങ്ങളിലായി നാൽപതോളം പ്രമുഖ വേദികളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. സദനം ശശിധരനിൽനിന്ന് മൂന്നാം വയസ്സിൽ നൃത്തച്ചുവടുകൾ സ്വായത്തമാക്കിയ നിള കലാമണ്ഡലം സത്യവ്രതന്റെയും. കുച്ചിപ്പുടിയിൽ സജേഷ് താമരശ്ശേരിയുടെയും ഭരതനാട്യത്തിൽ. ഡോ.ഹർഷൻ സെബാസ്റ്റ്യൻ ആൻറണിയുടെയും കീഴിലാണ് പരിശീലനം തുടങ്ങിയത്. പ്രമുഖ നർത്തകി പല്ലവി കൃഷ്ണന്റെ കീഴിൽ മോഹിനിയാട്ടവും ദീപ്തി പരോളിന്റെ കീഴിൽ ഭരതനാട്യ പരിശീലനവും തുടരുന്ന നിള ഛത്തിസ്ഗഢിൽ നടന്ന ദേശീയ നൃത്തോത്സവത്തിൽ ചൈൽഡ് ആർട്ടിസ്റ്റ് പുരസ്കാര ജേതാവാണ്. കോയമ്പത്തൂരിൽ നടന്ന ഓജസ് ഡാൻസ് ഫെസ്റ്റിൽ ബാല ഓജസ്വി അവാർഡും ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് അസോസിയേഷൻ ദുബൈയിൽ നടത്തിയ ഡാൻസ് ഫെസ്റ്റിൽ നൃത്ത പ്രതിഭ അവാർഡും നേടി. 2019 ൽ ഒഡിഷയിൽ നടന്ന കലിംഗവാൻ നൃത്തോത്സവത്തിൽ കലാഭദ്ര അവാർഡും ലഭിച്ചു. ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ നിളാ നാഥ് കക്കോടി സ്വദേശി എ.ബിജു നാഥിന്റെയും പരേതയായ ഷീബയുടെയും മകളാണ്.
യങ് ജീനിയസ് അവാർഡ് ദാന ചടങ്ങ് ജനുവരി 15 മുതൽ സംപ്രേഷണം തുടങ്ങും. വൈകിട്ട് ഏഴിന് ന്യൂസ് 18 ചാനലിലും, വൈകിട്ട് 7.30 ന് ഹിസ്റ്ററി ടി വി 18, കളേഴ്സ് ടി.വി ചാനലിലും ശനിയും, ഞായറും കാണാം.