ആരതി ജിമേഷ്
ഫറോക്ക്: വാഴയൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് പുതുക്കോടിലെ കുടുംബശ്രീലെ ഏട്ട് പേരടങ്ങിയ കൂട്ടായ്മ സ്വയം പരിശീലിച്ച് അവതരിപ്പിക്കുന്ന രാജസ്ഥാനി സംഘനൃത്തം ശ്രദ്ധേയമാവുന്നു. കുടുംബശ്രീയുടെ ഇരുപത്തിമൂന്നാം വാർഷികത്തിൽ അരങ്ങേറിയ നൃത്തമാണ് വൈറലായത്. വാർഷികത്തിന് വിത്യസ്തമാർന്ന നൃത്തം അവതരിപ്പിക്കണമെന്ന അംഗങ്ങളുടെ ചിന്തയിൽ നിന്നാണ് അല്പം സാഹസികത നിറഞ്ഞ നൃത്തം രൂപപ്പെടുന്നത്.
തലയിൽ കുടങ്ങളേന്തി അതിൽ ദീപം തെളിയിച്ച് ബാലൻസ് തെറ്റാതെ ചുവുട് വച്ചാണ് നൃത്തം അവതരിപ്പിക്കുന്നത്.നിരന്തരമായ പരിശിലനത്തിലുടെയാണ് ഇത് സാധിച്ചെടുത്തതെന്ന് ടീം ലീഡർ സിന്ധു ഗണേഷൻ പറഞ്ഞു. ഒമ്പതര മിനിറ്റാണ് നൃത്താവതരണത്തിന്റെ ദൈർഘ്യം. വീട്ടുകാരുടെ പ്രോൽസാഹനത്തിനൊപ്പം പതിനാലാം വാർഡ് മെമ്പർ വാസുദേവൻ എം, സി ഡി എസ് ചെയർപേഴ്സൺ സരസ്വതി കെ, ജി ആർ സി കമ്യുണിറ്റി കൗൺസിലർ സ്മിത എൻ എന്നിവരുടെ പിന്തുണയും പ്രോൽസാഹനവും കൂടി ലഭിച്ചതോടെ വാർഷികത്തിൽ ഭംഗിയായി അരങ്ങേറ്റം സാധ്യമായി. വാർഷികാഘോഷം വീക്ഷിക്കാൻ എത്തിയവർ മൊബൈൽ ഫോണിൽ നൃത്തം ചിത്രീകരിച്ച് ഷെയർ ചെയ്തതോടെ നർത്തകിമാർ നാട്ടിൽ താരങ്ങളായി. സിന്ധു ഗണേഷൻ, അമൃത ഉദയൻ, സുമപ്രേമൻ, സുമിത ശ്രീനിവാസൻ.റീത്ത സുകുമാരൻ ,വബിന വിജേഷ്, റീജ സുനിൽകുമാർ, മിനി മധു. എന്നിവരാണ് നൃത്തസംഘത്തിലുള്ളത്.നൃത്താവതരണത്തിന് വേദികൾ കാത്തിരിക്കയാണ് ഈ കൂട്ടായ്മ.