കോഴിക്കോട്: നാളികേര വികസന കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന വെളിച്ചെണ്ണയായ കൊക്കൊറോയല്‍ ബ്രാന്റിന്റെ ലോഗോ പ്രകാശനം കൃഷി വകുപ്പ് മ്രന്തി പി.പ്രസാദ് ഡിസംബര്‍ 27ന് രാവിലെ 10.30ന് വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ നിര്‍വഹിക്കും. കോര്‍പ്പറേഷന്റെ തനത് ബ്രാന്‍ഡ് ആയ ”കേരജം ഹെയര്‍ ഓയില്‍” വിപണനോദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
നാളികേരാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം നടത്തുന്നതിലൂടെ കേര കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനുളള പരിപാടികള്‍ക്കാണ് നാളികേര വികസന കോര്‍പ്പറേഷന്‍ ഊന്നല്‍ നല്‍കിയിട്ടുളളത്. ശുദ്ധവും മായമില്ലാത്തതുമായ വെളിച്ചെണ്ണ നാളികേര വികസന കോര്‍പ്പറേഷന്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.
കേര കര്‍ഷകരെ സംരക്ഷിക്കുന്നതിനായി തേങ്ങയ്ക്ക് വിപണിയും മതിയായ വിലയും ഉറപ്പുവരുത്തുന്നതിനായി വിവിധ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നതിനുളള പദ്ധതികള്‍ക്കാണ് സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ പദ്ധതിയിട്ടിരിക്കുന്നത്.
നീര, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, കേരജം ഹെയര്‍ ഓയില്‍, ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ , ഫ്രോസന്‍ ഗ്രേറ്റഡ് കോക്കനട്ട്, കോക്കനട്ട് ചിപ്‌സ്, തേങ്ങ വെളളത്തില്‍ നിന്നും വിനീഗര്‍, കോക്കനട്ട് ലെമണേഡ്, കോക്കനട്ട് ചമന്തിപ്പൊടി, വെളിച്ചെണ്ണയില്‍ നിന്നുളള ബേബി ഓയില്‍ എന്നിവ നാളികേര വികസന കോര്‍പ്പറേഷന്റെ മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളാണ്. മാമം (ആറ്റിങ്ങല്‍), എലത്തൂര്‍ (കോഴിക്കോട്), ആറളം ഫാം(കണ്ണൂര്‍) എന്നിവിടങ്ങളില്‍ നിന്നാണ് ഇവ ഉല്‍പാദിപ്പിക്കുന്നത്.