കൊച്ചി: തെരുവു നായ്ക്കളുടെ വന്ധ്യംകരണ നടപടികളിൽ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് കാർഷിക, മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറി ഒരാഴ്ചക്കകം ഉത്തരവിടണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങളിൽ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കി, ഈ മേഖലയിൽ വൈദഗ്ധ്യം നേടിയവരെ നിയോഗിക്കണമെന്ന മുൻ ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് എതിർ കക്ഷികളിലൊരാളായ മൂവാറ്റുപുഴയിലെ ദയ ആനിമൽ വെൽഫെയർ സംഘടന കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതി നിർദേശം ആവർത്തിച്ചത്.