ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ഇരുന്നൂറ് കോടി ക്ലബ്ബിലേക്ക് കടക്കാനൊരുങ്ങി അല്ലു അര്‍ജ്ജുന്‍ ചിത്രം പുഷ്പ. ഇതുവരെ 173 കോടി രൂപയാണ് പുഷ്പ നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്.
കേരളത്തില്‍ നിന്നും രണ്ടര കോടിയും തമിഴ്‌നാട്ടില്‍ നിന്നും മൂന്നര കോടിയുമാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. മൂന്നാം ദിവസം മഹാരാഷ്ട്രയില്‍ നിന്നും 12 കോടിയാണ് കളക്ഷന്‍.
അല്ലു അര്‍ജുന്‍ നായകനാകുന്ന ‘പുഷ്പ’യില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ബന്‍വാര്‍ സിംഗ് ഷെക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ്, ചിത്രത്തില്‍ എത്തുന്നത്. മൊട്ടയടിച്ച ലുക്കില്‍ ഗംഭീര മേക്കോവറിലാണ് താരത്തെ കാണാനാകുക.
കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയി അല്ലു എത്തുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉള്‍വനങ്ങളില്‍ ചന്ദന കളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിങ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആണ് സൗണ്ട് എന്‍ജിനീയര്‍. മലയാളത്തില്‍ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം റിലീസിനെത്തിച്ചത്.