Saturday, November 23, 2024
GeneralHealthLatest

മേയ്ത്ര ഹോസ്പിറ്റലില്‍ 70കാരിയുടെ ഹൃദയത്തില്‍ ഏറ്റവും ചെറിയ പേസ്‌മേക്കര്‍ വിജയകരമായി സ്ഥാപിച്ചു


കോഴിക്കോട്: എഴുപതുകാരിയുടെ ഹൃദയത്തിനുള്ളില്‍ ഏറ്റവും ചെറിയ പേസ്‌മേക്കര്‍ മേയ്ത്ര ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയിലൂടെ വിജയകരമായി സ്ഥാപിച്ചു. നിര്‍ദ്ദിഷ്ട ഹൃദയതാളം ലഭിക്കാനാവശ്യമായ ഇലക്ട്രിക് സിഗ്നലുകള്‍ ഹൃദയപേശികള്‍ക്ക് നല്‍കുന്ന ഉപകരണമായ പേസ് മേക്കറിന്റെ സാധാരണവലുപ്പത്തിന്റെ ഏഴു ശതമാനം മാത്രം വലിപ്പമുള്ള മൈക്രാ എവി എന്ന ലീഡ്‌ലസ് പേസ് മേക്കര്‍ ആണ് എഴുപതുകാരിയായ രോഗിയുടെ ഹൃദയത്തുടിപ്പിന് കരുത്തുപകര്‍ന്ന് ഹൃദയത്തിനുള്ളില്‍ തന്നെ സ്ഥാപിച്ചത്.
കലശലായ ക്ഷീണം നേരിട്ടിരുന്ന രോഗിക്ക് കാലതാമസം കൂടാതെ തന്നെ പേസ്‌മേക്കറിന്റെ സഹായം വീണ്ടും വേണമെന്ന സാഹചര്യത്തിലാണ് ഹൃദയത്തിനകത്തു തന്നെ വയ്ക്കാവുന്ന പേസ് മേക്കര്‍ ഘടിപ്പിച്ചതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ കാര്‍ഡിയോളജി ആന്റ് കാര്‍ഡിയാക് ഇലക്ട്രോഫിസിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. അനീസ് താജുദ്ദീന്‍ പറഞ്ഞു.
സാധാരണ പേസ് മേക്കര്‍ ഘടിപ്പിച്ച ഭാഗത്ത് അണുബാധ കണ്ടതിനെ തുടര്‍ന്ന് രോഗിക്ക് പേസ്‌മേക്കര്‍ പോക്കറ്റ് സര്‍ജറി നടത്തുകയും നേരത്തെയുള്ള പേസ്‌മേക്കറും അതില്‍ നിന്ന് ഹൃദയത്തിലേക്ക് ബന്ധിപ്പിച്ചിരുന്ന വയറുകളും നീക്കം ചെയ്യുകയും ചെയ്ത ശേഷമാണ് പുതിയ പേസ്‌മേക്കര്‍ ഘടിപ്പിച്ചത്. സാധാരണ പേസ്‌മേക്കറുകള്‍ ലോഹപ്പെട്ടിയില്‍ ബാറ്ററിയും ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടുകളും അടങ്ങിയ രീതിയിലാണുള്ളത്. ഇതിന്റെ പത്തുശതമാനത്തില്‍ താഴെ മാത്രം വലിപ്പമുള്ള മൈക്ര എ വി ലീഡ്‌ലസ് പേസ്‌മേക്കര്‍ നെഞ്ചില്‍ പ്രത്യേകമായ മുറിവുകളൊന്നും കൂടാതെ തന്നെ കത്തീറ്റര്‍ ഉപയോഗിച്ച് ഹൃദയത്തിനകത്ത് ഘടിപ്പിക്കുകയായിരുന്നു.
നെഞ്ച് തുറന്ന് പേസ്‌മേക്കര്‍ ഘടിപ്പിക്കുന്ന രീതിയെ അപേക്ഷിച്ചുള്ള സങ്കീര്‍ണ്ണതകളും ഇലക്ട്രിക്കല്‍ വയറുകളും മറ്റുമുണ്ടാകുന്ന അസൗകര്യങ്ങളുമൊന്നും ചെറിയ പേസ്‌മേക്കറിന്റെ കാര്യത്തില്‍ ഉണ്ടാവില്ല. പ്രായമായവരിലും ആരോഗ്യം ക്ഷയിച്ചവരിലും പേസ്‌മേക്കര്‍ ഘടിപ്പിക്കേണ്ടി വരുമ്പോള്‍ താരതമ്യേന ലളിതമായ നടപടിക്രമങ്ങളാണ് എന്നതും ഈ രീതിയുടെ മേന്‍മയാണെന്ന് ഡോക്ടര്‍ അനീസ് താജുദ്ദീന്‍ പറഞ്ഞു. അണുബാധയ്ക്കുള്ള സാധ്യതയും വളരെ കുറവാണ്. രണ്ടു ദിവസത്തിനു ശേഷം രോഗിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തതായും ഡോക്ടര്‍ പറഞ്ഞു.

Reporter
the authorReporter

Leave a Reply