Tuesday, October 15, 2024
GeneralHealthLatest

സമരം തുടര്‍ന്നാല്‍ കര്‍ശന നടപടി, പിജി ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി


തിരുവനന്തപുരം:സംസ്ഥാനത്ത് സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്നത് അനുവദിക്കാനാവില്ല. പിജി ഡോക്ടര്‍മാരുമായി രണ്ട് വട്ടം ചര്‍ച്ച നടത്തിയതാണ്. ഒന്നാം വര്‍ഷ പി.ജി. പ്രവേശനം നേരത്തെയാക്കണം എന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി.

പിജി ഡോക്ടര്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനായി ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥികളുടെ അലോട്ട്മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എന്‍എജെആര്‍മാരെ നിയമിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സമരം നിര്‍ത്തിയിരുന്നു. എന്നാല്‍ നടപടി ആയിട്ടും ഒരു വിഭാഗം പിജി ഡോക്ടര്‍മാര്‍ സമരം തുടരുകയാണ്. ഇത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും, കോവിഡേതര ചികിത്സയിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യമാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുഭാവ നിലപാട് സ്വീകരിച്ചിട്ടും പിജി ഡോക്ടര്‍മാര്‍ പ്രതിഷേധം തുടരുകയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ട്. ഡോക്ടര്‍മാര്‍ രോഗികളുടെ ചികിത്സ മുടക്കുന്ന തരം സമരത്തില്‍ നിന്നും പിന്മാറണം. അതിന് തയ്യാറാവാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.


Reporter
the authorReporter

Leave a Reply