Saturday, December 21, 2024
Art & CultureLocal News

വാദ്യകലാകാരന്മാർക്ക് സ്നേഹ സാന്ത്വനമേകി സോപാനം വാദ്യകലാ സംഘം


കോഴിക്കോട് : കോവിഡ് തരംഗത്തിൽ നിശ്ചലമായ വാദ്യകലാ രംഗത്തെ കലാകാരന്മാർക്ക് സ്നേഹ സാന്ത്വനമേകി ബഹ്‌റിൻ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സോപാനം വാദ്യകലാ സംഘം.
കോവിഡ് ബാധയെ തുടർന്ന് കേരളത്തിൽ ക്ഷേത്ര വാദ്യകലകൾ നിശ്ചലമായ സാഹചര്യത്തിൽ അതിജീവനത്തിനായി ബുദ്ധിമുട്ടുന്ന വാദ്യകലാകാരന്മാർക്കും കുടുംബംങ്ങൾക്കും സാമ്പത്തിക സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സോപാനം വാദ്യ കലാ സംഘം സ്‌നേഹ സാന്ത്വനം പദ്ധതി ആവിഷ്കരിച്ചത്.
കൃത്യമായ പഠനങ്ങൾ നടത്തി തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ 100 വാദ്യകലാകാരന്മാർക്കാണ് ആദ്യ ഘട്ടത്തിൽ സാമ്പത്തിക സഹായം ഉറപ്പാക്കുന്നത്.
5000 രൂപയടങ്ങുന്ന സാന്ത്വനം പദ്ധതിക്കായി ബഹ്‌റിനിൽ പ്രവർത്തിച്ചു വരുന്ന സോപാനം വാദ്യ കലാ സംഘത്തിലെ അംഗങ്ങൾ ചേർന്നാണ് ആദ്യ ഘട്ടത്തിൽ അഞ്ച്ലക്ഷം രൂപ പിരിച്ചെടുത്തത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഒക്ടോബർ മാസത്തിൽ നിർവഹിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 48 വാദ്യകലാകാരന്മാർക്ക് കൊയിലാണ്ടി കോരയങ്ങാട് കലാക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ തുക കൈമാറി.
ചടങ്ങ് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു.
അപ്രതീക്ഷിതമായി ഉടലെടുക്കുന്ന കോവിഡ് പോലെയുള്ള മഹാവ്യാധി കാലത്ത് വാദ്യരംഗത്തെ കലാകാരന്മാർ അതിജീവനം നടത്തുന്നത് ഏറെ പ്രയാസപ്പെട്ടാണെന്നും ഇത്തരം സാഹചര്യങ്ങളിൽ സോപാനം വാദ്യ കലാ സംഘം ആവിഷ്കരിച്ച സ്നേഹ സാന്ത്വനം പദ്ധതി
ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്നും വാദ്യ രംഗത്ത് കഷ്ടതകൾ നേരിടുന്ന കലാകാരന്മാർക്കും കുടുംബംങ്ങൾക്കും സഹായ ഹസ്തങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭദ്രദീപം തെളിയിച്ച ശേഷം ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സോപാനം വാദ്യകലാ സംഘം സ്ഥാപക ഡയരക്ടറും പ്രധാന അദ്ധ്യാപകനുമായ ഗുരു സന്തോഷ്‌ കൈലാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അവശത അനുഭവിക്കുന്ന വാദ്യ കലാകാരന്മാർക്കായി കൂടുതൽ സാന്ത്വന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിനായി സമൂഹത്തിന്റെ ഇടപെടൽ അത്യന്താപേക്ഷിതമാണെന്നും സന്തോഷ്‌ കൈലാസ് അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം, വയനാട്, കോഴിക്കോട് ജില്ലകളിൽ ഇതിനോടകം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. നവംബർ മാസവസാനത്തോടെ മുഴുവൻ ജില്ലകളിലും പദ്ധതി നടപ്പിലാക്കാനാണ് സോപാനം വാദ്യ കലാ സംഘം ലക്ഷ്യമിടുന്നത് .
പ്രശസ്ത വാദ്യ കലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
വെളിയന്നൂർ സത്യൻ മാരാർ,
മുചുകുന്ന് ശശി മാരാർ,
സദനം രാജേഷ്,
റിജിൽ കാഞ്ഞിലശ്ശേരി,
സാജു കൊരയങ്ങാട്,
സുജിത്ത് കൊയിലാണ്ടി, കെ. കെ. ബാലൻ (കൊരയങ്ങാട് ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ്)
എ. വി. അഭിലാഷ് കൊരയങ്ങാട് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി)
എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


Reporter
the authorReporter

Leave a Reply