തിരുവനന്തപുരം:സംസ്ഥാനത്ത് യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്.
ഓട്ടോറിക്ഷകളിൽ യാത്രക്കാരെയും അവരുടെ വ്യക്തിഗത ലഗേജും മാത്രമേ അനുവദിക്കൂവെന്ന നിയമം കർശനമായി നടപ്പാക്കാൻ എല്ലാ ആർ.ടി.ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യാത്രാ ഓട്ടോറിക്ഷകളിൽ വ്യാപാര ആവശ്യങ്ങൾക്കായി ചരക്കുകൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമായി ലഭിച്ചതോടെയാണ് നടപടി ശക്തമാക്കിയത്.
ഇത്തരത്തിലുള്ള പരാതികൾക്കൊപ്പം ഫോട്ടോകളും ആർ.ടി.ഒ ഓഫീസുകളിൽ ലഭിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
കേരള മോട്ടോർ വാഹന ചട്ടം 154(5) പ്രകാരം പാസഞ്ചർ ഓട്ടോറിക്ഷകളിൽ യാത്രക്കാരുടെ വ്യക്തിപരമായ ലഗേജുകൾ മാത്രമേ കൊണ്ടുപോകാൻ അനുമതിയുള്ളൂ.
വ്യാപാര ആവശ്യങ്ങൾക്കായുള്ള ചരക്ക് ഗതാഗതത്തിന് യാത്രാ ഓട്ടോറിക്ഷകൾ ഉപയോഗിക്കുന്നത് നിയമലംഘനമാണ്.
നിയമം ആവർത്തിച്ച് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് എംവിഡി മുന്നറിയിപ്പ് നൽകുന്നത്.
പിഴയ്ക്ക് പുറമെ ഡ്രൈവിങ് ലൈസൻസും പെർമിറ്റും റദ്ദാക്കുന്നതുവരെ നടപടികൾ സ്വീകരിക്കാനാകും.
ഇ-ചെല്ലാൻ സംവിധാനം നിലവിലുള്ളതിനാൽ മുൻപ് ചുമത്തിയ പിഴകളും നിയമലംഘനങ്ങളും പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് ഉടൻ തന്നെ പരിശോധിക്കാനാകും.
ആദ്യതവണ പിടിക്കപ്പെടുന്നവർക്ക് കുറഞ്ഞത് 3,000 രൂപ മുതൽ പിഴ ലഭിക്കാം.
വീണ്ടും നിയമലംഘനം ആവർത്തിച്ചാൽ പിഴ 7,500 രൂപയായി ഉയരും.
അതേസമയം, യാത്രാ ഓട്ടോറിക്ഷയിൽ ചരക്ക് കയറ്റി ഗതാഗതം നടത്തുന്നത് വ്യക്തമായാൽ ആദ്യതവണ തന്നെ 10,000 രൂപ വരെ പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
അതേസമയം, യാത്രക്കാർക്ക് സ്വന്തം വ്യക്തിഗത സാധനങ്ങൾ ഓട്ടോറിക്ഷയിൽ ഒപ്പം കൊണ്ടുപോകുന്നതിന് വിലക്കില്ല.
എന്നാൽ അത് യാത്രക്കാരന്റെ ലഗേജിന്റെ പരിധിക്കുള്ളിലായിരിക്കണം.
ഡ്രൈവർ ഉൾപ്പെടെ നാല് പേരെയാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ അനുവദിച്ചിരിക്കുന്നത്.
അടുത്തകാലത്തായി ചില ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ സാധനങ്ങൾ എത്തിക്കുന്നതിന് യാത്രാ ഓട്ടോറിക്ഷകളെ ഉപയോഗിക്കുന്നതായും പരാതിയുണ്ട്.
ഇത്തരത്തിലുള്ള സേവനങ്ങളും നിയമവിരുദ്ധമാണെന്ന് എംവിഡി വ്യക്തമാക്കി.
ചരക്ക് വാഹന ഉടമകളിൽ നിന്നുള്ള പരാതികളും വർധിച്ച സാഹചര്യത്തിലാണ് പരിശോധനയും നടപടികളും കൂടുതൽ ശക്തമാക്കാൻ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.










