കോഴിക്കോട്.ലുക്കീമിയ ,തലസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ പോലുള്ള മാരക രക്ത രോഗികൾക്ക് ഗ്രാമപഞ്ചായത്തുകൾ വഴി ജീവൻ രക്ഷാമരുന്നിനും മെഡിക്കൽ ഉപകരണങ്ങൾക്കുമായി സാമ്പത്തിക സഹായം നൽകാൻ അടിയന്തിര നടപടിയുണ്ടാവണമെന്ന് കേരള ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.പരേതനായ കുട്ടി അഹ്‌മദ് കുട്ടി പഞ്ചായത്ത് മന്ത്രിയായിരുന്ന കാലത്ത് രക്തജന്യ രോഗികൾക്ക് മരുന്നും ഫിൽട്ടർ സെറ്റും നൽകാൻ അവർക്കിടയിൽ സേവനം നടത്തുന്ന സംഘടനകൾക്ക് പതിനായിരം രൂപ വരെ ധനസഹായം ചെയ്യണമെന്ന് കാണിച്ച് ഉത്തരവിറക്കിയിരുന്നെങ്കിലും ഗ്രാമ പഞ്ചായത്തുകൾ അത് നടപ്പിലാക്കിയിരുന്നില്ല. മരുന്ന് കമ്പനികൾ ടെണ്ടറിൽ പങ്കെടുക്കാത്തത് കാരണം രക്തജന്യ രോഗികൾ ജീവൻ രക്ഷാമരുന്നിനും ഫിൽട്ടർ സെറ്റിനും ബുദ്ധിമുട്ടിയപ്പോൾ ഓരോ രോഗിക്കും പഞ്ചായത്ത് മുഖേന പതിനായിരം രൂപ വീതം അടിയന്തിരമായി അനുവദിക്കുകയൊ മരുന്നും ഫിൽട്ടർ സെറ്റും വാങ്ങിച്ച് നൽകാൻ നടപടിയെടുക്കുകയൊ ചെയ്യണമെന് ആവശ്യപ്പെട്ട് മുൻ പഞ്ചായത്ത് വകുപ്പ് മന്ത്രി എം.ബി. രാജേഷിന് കൗൺസിൽ നിവേദനം നൽകിയിരുന്നെങ്കിലും അതിന്മേലും നടപടിയുണ്ടായിരുന്നില്ല.
ടെണ്ടർ നടപടികൾ അനിശ്ചിതമായി നീണ്ടുപോകുന്ന സഹചര്യത്തിൽ രക്തജന്യ രോഗികൾ ജീവൻ രക്ഷാ മരുന്നിനും ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റിനും അങ്ങേയറ്റം ബുദ്ധിമുട്ടുന്ന സഹചര്യമാണ് ഇപ്പോഴുമുള്ളത്. ഈ സഹചര്യത്തിലാണ് ഓരോ രോഗിക്കും പഞ്ചായത്ത് മുനിസിപ്പൽ ഫണ്ടിൽ നിന്നും പതിനായിരം രൂപ അനുവദിക്കാൻ അടിയന്തിര നടപടിയുണ്ടാവണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.










