Art & CultureLatest

‘കുട നന്നാക്കുന്ന ചോയി’ യിലൂടെ ജീവിതം തിരിച്ചു പിടിച്ചു വായന പക്ഷാചരണത്തിൽ സുവർണന് കുട്ടികളുടെ ആദരം

Nano News

നടുവണ്ണൂർ: വായനയിലൂടെ ജീവിതം തിരിച്ചു പിടിച്ച കിടപ്പുരോഗിയായ സുവർണന് കുട്ടികളുടെ ആദരം. എം മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’ എന്ന പുസ്തകമാണ് സുവർണന് കരുത്തായത്. നോവൽ വായിച്ച് കുട നിർമാണവും പുസ്തക വായനയുമായി കഴിയുകയാണ് പതിനാറ് വർഷമായി കിടപ്പു രോഗിയായ തെരുവത്ത് കടവിലെ കിളിയായി സുവർണൻ. കോട്ടൂർ എ യു പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വീട്ടിലെത്തിയാണ് വിദ്യാർത്ഥികൾ സുവർണനെ ആദരിച്ചത്.
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സുവർണന്റെ വായനയും ജീവിതവും അറിയാനും അദ്ദേഹത്തെ ആദരിക്കാനുമാണ് വിദ്യാരംഗം കലാസാഹിത്യ വേദിയിലെ കുട്ടികൾ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുമായി എത്തിയത്. അരയ്ക്ക് താഴോട്ട് പൂർണമായി തളർന്ന് കിടപ്പിലായ തനിക്ക് തൊട്ടടുത്ത ലൈബ്രറികളിൽ നിന്ന് പുസ്തകം എത്തിച്ചു നൽകുന്ന ലൈബ്രറേറിയൻമാരെക്കുറിച്ചും കുട നിർമാണത്തിന് ആവശ്യമായ കിറ്റുകൾ എത്തിച്ചു നൽകുന്ന നല്ല മനസിന്റെ ഉടമകളെക്കുറിച്ചും സുവർണൻ കുട്ടികളോട് വാചാലനായി. പുസ്തക വായന മാത്രമല്ല, വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ചെറു കുറിപ്പുകളുമെല്ലാം സുവർണൻ കുട്ടികൾക്ക് വിശദീകരിച്ച് നൽകി. വായനയിലൂടെ വേദന മറക്കുന്ന സുവർണൻ തങ്ങൾക്ക് പകർന്നത് വലിയ ജീവിതപാഠമാണെന്ന് കുട്ടികൾ പറഞ്ഞു.


കോട്ടൂർ എ യു പി സ്കൂൾ പ്രധാനാധ്യാപിക ആർ ശ്രീജ, വിദ്യാരംഗം കോഡിനേറ്റർ ജിതേഷ് എസ്, ഗൈഡ്സ് ടീച്ചർ സബിത കെ എന്നിവർ നേതൃത്വം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ ആലി, എൻ കെ രാമചന്ദ്രൻ നടുവണ്ണൂർ, വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങളായ വേദിക സനിൽ, ആയുഷ് പ്രബീഷ് ആദിനാഥ് എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!