LatestPolitics

ദ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന്റെ വോട്ടവകാശം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു

Nano News

ന്യൂഡൽഹി: ദ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന്റെ വോട്ടവകാശം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പാസ്പോർട്ട് പുതുക്കാൻ കഴിയാത്തതിനാൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. വോട്ടർപ്പട്ടികയിൽ നിന്ന് പേര് വെട്ടിയതും പാസ്പോർട്ട് പുതുക്തി നൽകാത്തതും കാരണം പൗരനെന്ന നിലയിൽ അനിശ്ചിതത്വം നേരിടുകയാണെന്നും തന്റെ അവകാശങ്ങൾ നിഷേധിക്കുന്ന നടപടിയാണ് ഉണ്ടായതെന്നും ആർ രാജഗോപാൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

മാർച്ച് 27നാണ് എസ്ഐആറിന്റെ നടപടിക്കിടെ ആർ രാജഗോപാലിന്റെ പേര് വെട്ടിയവിവരം തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ അറിയിച്ചത്. ഇതിന് മുൻപ് ഫെബ്രുവരി 27ന് പാസ്പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയിരുന്നു. വെരിഫിക്കേഷനായി പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ എസ്ഐആറിൽ പേര് വെട്ടിയ വിവരവും അപ്പീൽ നൽകിയ കാര്യവും പൊലീസിനെ രാജഗോപാൽ അറിയിച്ചു. പാൻ കാർഡ് അടക്കം മറ്റ് രേഖകളും സമർപ്പിച്ചു. പേര് എസ്ഐആറിൽ നിന്ന് നീക്കം ചെയ്തതിനാൽ പൊലീസ് വെരിഫിക്കേഷന് സാധ്യമല്ലെന്ന് പിന്നീട് പൊലീസ് അറിയിച്ചെന്നാണ് ആർ രാജഗോപാൽ പറയുന്നത്. പാസ്പോർട്ട് പുതുക്കി കിട്ടാത്തതിനാൽ യുഎസിൽ നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് രാജഗോപാൽ പരാതി പെട്ടിരുന്നു.

പതിറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ വീണ്ടെടുക്കാനാണ് സമയത്തിന്റെ ഭൂരിഭാഗവും ചെലവിടുന്നത്. അമ്മ ജീവിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾക്കായി അവർ 1965 ൽ പഠിപ്പിച്ചിരുന്ന കോളെജിനെയും 59 ൽ പഠിച്ചിറങ്ങിയ കോളെജിനെയും ബന്ധപ്പെടുന്നു. അച്ഛന് 2002 ൽ വോട്ടുണ്ടായിരുന്നില്ല എന്നു കൂടി ചൂണ്ടിക്കാട്ടിയാണ് വോട്ടർപ്പട്ടികയിൽ നിന്ന് പേരൊഴിവാക്കിയത്. മാധ്യമ പ്രവർത്തകനായി ജീവിതം ചെലവഴിച്ച ഒരാൾക്ക് ഇത്രയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നെങ്കിൽ അരികുവത്ക്കരിക്കപ്പെട്ട മനുഷ്യർ എന്തൊക്കെ അനുഭവിച്ചേക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്നും കേന്ദ്ര സർക്കാർ വേട്ടയാടലിനെക്കുറിച്ചെഴുതിയ കുറിപ്പിൽ ആർ രാജഗോപാൽ വ്യക്തമാക്കുന്നു.

വോട്ടർ ലിസ്റ്റിൽ തന്റെ പേര് വീണ്ടും ഉൾപ്പെടുത്താൻ ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്ന രാജഗോപാൽ കൊൽക്കത്തയിൽ പോയി താമസിച്ച് മാസങ്ങളായി ശ്രമിച്ചിട്ടും ഫലമുണ്ടായിരുന്നില്ല.

ബിജെപി ഭരണത്തിനെതിരെ താൻ പത്രാധിപരായ ദ ടെലഗ്രാഫ് പത്രത്തിലൂടെ ആർ രാജഗോപാൽ ശക്തമായ വിമർശനം ഉയർത്തിയിരുന്നു. അദ്ദേഹത്തിന്റെ എഡിറ്റോറിയലുകൾ മൂർച്ചയുള്ളതും സ്വതന്ത്രവും വിട്ടുവീഴ്ചയില്ലാത്തതുമായിരുന്നു. ഇതിന് പൗരത്വവും പാസ്പോർട്ടും ഇല്ലാതാക്കി ഭരണകൂടം പകരം വീട്ടുകയാണെന്നാണ് വിമർശനം ഉയരുന്നത്. സത്യം പറയുക എന്നതാണ് മാധ്യമ പ്രവർത്തനത്തിന്റെ കടമയെന്ന് വിശ്വസിച്ച മാധ്യമപ്രവർത്തകനാണ് വേട്ടയാടപ്പെടുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നു.

തീവ്ര വലതുപക്ഷത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തെയും കോർപറേറ്റ് അടിമത്തത്തെയും നിശിതമായി വിമർശിച്ച രാജഗോപാൽ എന്ന പത്രാധിപകരുടെ പേനയും നാവും എന്നും ജനങ്ങൾക്കുവേണ്ടിയാണ് ചലിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇതുകൊണ്ട് തന്നെയാണ് ഭരണകൂടം ആ മനുഷ്യനെ വേട്ടയാടുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply

error: Content is protected !!