Latestpolice &crimePolitics

യുവതി പരാതി നൽകിയതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ഓഫീസ് പൂട്ടിയ നിലയിൽ.

Nano News

പാലക്കാട്:രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ എം എൽ എയുടെ ഓഫീസ് പൂട്ടിയ നിലയിൽ. ഇന്ന് ഉച്ചവരെ കോൺഗ്രസ് പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥികൾക്കൊപ്പം പ്രചാരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

പീഡനത്തിന് ഇരയായ യുവതി പരാതി നൽകിയെന്ന വാർത്ത പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല.

പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ എത്തേണ്ടിയിരുന്ന സ്ഥലങ്ങളിൽ എം എൽ എ എത്തിയിട്ടില്ല. യുവതി പരാതി നൽകിയതിന് പിന്നാലെ എം എൽ എ ഫേസ് ബുക്കിൽ പ്രതികരിച്ചിരുന്നു.

എം എൽ എക്കെതിരെ ഏറെ നാളായി പരാതി ഉയർന്നിരുന്നുവെങ്കിലും ആരും നേരിട്ട് പരാതി നൽകിയിരുന്നില്ല. എന്നാൽ ഇന്ന് വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവയടക്കമുള്ള തെളിവുകളുമായാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.

രാഹുലിനെതിരായ ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാഹുൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമാകുന്നതിനിടെയായിരുന്നു ചാറ്റുകൾ പുറത്ത് വന്നത്. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിരുന്നത്.

സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ യുവതിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ പരാതി കിട്ടിയാൽ മാത്രം നടപടിയെന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച്.

നേരത്തെ രാഹുലിനെതിരായ മാധ്യമവാർത്തകളുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളിലാണ് സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്തത്. ആരോപണം ഉന്നയിച്ച സ്ത്രീകളെ സമീപിച്ച് രാഹുലിനെതിരെ മൊഴി രേഖപ്പെടുത്താനായിരുന്നു നീക്കം. എന്നാൽ, ആരും മൊഴി നൽകാൻ എത്താത്തതിനെ തുടർന്ന് അന്വേഷണം വഴിമുട്ടിയിരുന്നു.

കൂടുതൽ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിൽ യുവതിയുമായി അന്വേഷണ സംഘത്തിലെ ചിലർ ബന്ധപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി ലഭിക്കുന്നത്.


Reporter
the authorReporter

Leave a Reply

error: Content is protected !!