പത്തനംതിട്ട: കണ്ണൂരില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയകരമായ പരുക്കുകളോ പാടുകളോ ശരീരത്തില്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടന്നത് ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് 12.40 നും 1.50 നും ഇടയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്കായി ശേഖരിച്ചോ എന്നത് സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയില്ല.
അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ ഭാര്യ മഞ്ജുഷയുടെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കേസിലെ പ്രതി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പില്‍വച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തില്‍ നവീന്‍ തൂങ്ങിമരിക്കുകയായിരുന്നു. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നത്. പൊലിസിന് ആരെയും സംരക്ഷിക്കേണ്ടതില്ല. നവീന്‍ ബാബുവിന്റെയും പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ പ്രശാന്തന്റെയും സി.ഡി.ആര്‍ പരിശോധിച്ചുവെന്നും സത്യവാങ്മൂലത്തിലുണ്ട്.
നവീന്‍ ബാബുവിനെ തേജോവധം ചെയ്യുകയെന്ന ദുരുദ്ദേശത്തോടെയാണ് ദിവ്യ യോഗത്തിന് എത്തിയതെന്നും അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന ഹരജിക്കാരിയുടെ വാദം അവാസ്തവമാണെന്നും സത്യവാങ്മൂലത്തിലുണ്ട്. കൊലപാതകമെ ന്ന കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ആത്മഹത്യയാണെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതിയായ ദിവ്യ പൊലിസില്‍ സ്വാധീനശക്തിയുള്ള ആളല്ല, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രതി പാര്‍ട്ടിയില്‍ പ്രത്യേക പദവികള്‍ ഇപ്പോള്‍ വഹിക്കുന്നില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.