Thursday, November 28, 2024
Local News

തെളിവൊന്നും അവശേഷിപ്പിക്കില്ല; നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയില്‍


തൃശൂര്‍: നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് ഒടുവില്‍ പോലീസ് പിടിയിലായി. രണ്ട് മാസത്തിനിടയില്‍ ഇരുപതോളം പവന്‍ സ്വര്‍ണമാണ് ഇയാള്‍ കവര്‍ന്നത്. ഇതില്‍ പത്ത് പവനോളം പോലീസ് കണ്ടെടുത്തു. മലപ്പുറം താനൂര്‍ സ്വദേശി മൂര്‍ക്കാഡന്‍ പ്രദീപിനെയാണ് ഗുരുവായൂര്‍ എ.സി.പി. പി.കെ. ബിജു, എസ്.എച്ച്.ഒ. ജി. അജയകുമാര്‍, എസ്.ഐ. കെ. ഗിരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

തിരുവെങ്കിടം ഫ്രണ്ട്‌സ് റോഡില്‍ കൈപ്പട ഉഷ, ക്ഷേത്ര ദര്‍ശനത്തിനെത്തിയ കൊല്ലം ഓച്ചിറ ചൈതന്യ വീട്ടില്‍ രത്‌നമ്മ, ആറന്മുള സ്വദേശി രേഖ നായര്‍, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലക്ഷ്മി, തെക്കേനടയില്‍ പുളിയശേരി ലജീഷിന്റെ ഭാര്യ സിധു എന്നിവരുടെ മാലകള്‍ കവര്‍ന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. കൂടാതെ നിരവധി വീടുകളില്‍ മോഷണത്തിന് ശ്രമിച്ചിരുന്നു. മോഷണത്തിനുശേഷം കോഴിക്കോട്ടേക്ക് പോവുകയും ധൂര്‍ത്തടിക്കുകയുമാണ് പതിവ്.

പുലര്‍ച്ചെ മോഷണം നടത്തി മടങ്ങുന്നതിനാല്‍ പോലീസിന് പ്രതിയെക്കുറിച്ച് യാതൊരു തുമ്പും കിട്ടിയിരുന്നില്ല. നവംബര്‍ 20ന് മോഷണത്തിനെത്തിയ സമയത്ത് സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു. ഇതാണ് നിര്‍ണായക തെളിവായത്. ബൈക്ക് പൊന്നാനിയില്‍ വച്ചതിനുശേഷം അവിടെനിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയില്‍ എത്തിയത്. ഇയാള്‍ക്കെതിരെ വിവിധ ജില്ലകളിലായി 12 ഓളം മോഷണ കേസുകള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു.

ആറുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയത്. മോഷ്ടിച്ച 83 ഗ്രാം സ്വര്‍ണം പോലീസ് ഇയാളില്‍നിന്ന് കണ്ടെടുത്തു. മോഷണ വസ്തുക്കള്‍ വില്പന നടത്തുന്നതിന് സഹായിച്ചയാളെ കുറിച്ചും പോലീസിനെ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. മോഷണം നടത്തിയ സ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി.


Reporter
the authorReporter

Leave a Reply