Sunday, November 24, 2024
General

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി


ചെന്നൈ: വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി. ഏറ്റുമുട്ടലുകളിലും അക്രമങ്ങളിലും ഏര്‍പെട്ട് ജീവിതം ഇല്ലാതാക്കുന്നതിന് പകരം വിദ്യാര്‍ഥികളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് വിവിധ വിഭാഗങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ചിരിക്കുകയാണ് ഹൈക്കോടതി ജസ്റ്റിസ് എ.ഡി ജഗദീഷ് ചന്ദ്ര. റൂട്ട് തല തര്‍ക്കവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ സബേര്‍ബന്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രസിഡന്‍സി കോളജിലെ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ പച്ചയപ്പാസ് കോളജ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.

വിധി പ്രസ്താവത്തിന് മുമ്പ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കോളജ് അധ്യാപകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരുടെയെല്ലാം അഭിപ്രായങ്ങള്‍ കേള്‍ക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാനുമാണ് തീരുമാനം.

യാത്രയ്ക്കിടെ ആധിപത്യം സ്ഥാപിക്കാനുള്ള വിദ്യാര്‍ഥികളുടെ ശ്രമത്തിന്റെ ഫലമായാണ് കുറ്റകൃത്യം നടന്നതെന്നും ജസ്റ്റിസ് എ.ഡി ജഗദീഷ് ചന്ദ്ര ചൂണ്ടിക്കാട്ടി. പാവപ്പെട്ട മാതാപിതാക്കള്‍ക്ക് അവരുടെ ഏക മകനെയാണു നഷ്ടപ്പെട്ടത്. തങ്ങളുടെ മക്കള്‍ ജയിലില്‍ കിടക്കേണ്ടി വന്നത് കുറ്റവാളികളുടെ മാതാപിതാക്കള്‍ക്കും വേദനയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Reporter
the authorReporter

Leave a Reply