Saturday, November 23, 2024
General

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി: ഡോക്ടർക്കെതിരേ പൊലിസിൽ പരാതി


മാനന്തവാടി: നാലു വയസുകാരന്റെ വയറ്റിൽ ദന്തചികിത്സാ ഉപകരണത്തിന്റെ പൊട്ടിയ ഭാഗം കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരേ പൊലിസിൽ പരാതി. മുണ്ടക്കുറ്റി തിരുവങ്ങാടൻ വീട്ടിൽ അബ്ബാസ് -‐ ഷഹാന ദമ്പതികളുടെ മകൻ മുഹമ്മദ് അയാന്റെ വയറ്റിലാണ് ചികിത്സാ ഉപകരണത്തിൻ്റെ ഭാഗം കണ്ടെത്തിയത്. കുട്ടിയുടെ ദന്തചികിത്സക്കായാണ് ഇവർ കഴിഞ്ഞദിവസം പടിഞ്ഞാറത്തറയിലെ ക്ലിനിക്കിൽ എത്തിയത്. ചികിത്സക്കിടെ ഉപകരണം പൊട്ടുകയും ഒരു ഭാഗം വായിലൂടെ കുട്ടിയുടെ ശരീരത്തിൽ എത്തുകയുമായിരുന്നുവെന്ന് കുടുംബം പറയുന്നു.

അയാൻ അവശനിലയിൽ ആയതോടെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഡോക്ടർ എക്സ് റേ എടുക്കാൻ എഴുതി നൽകി. പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള എക്സ് റേയിൽ കുട്ടിയുടെ വയറ്റിൽ സിറിഞ്ചിനോട് സാമ്യമുള്ള ഉപകരണം കണ്ടെത്തുകയും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. ഈ വിവരങ്ങൾ ധരിപ്പിക്കാനായി ക്ളിനിക്കിലെത്തിയപ്പോൾ ഡോക്ടർ ദേഷ്യപ്പെടുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായി അയാന്റെ പിതാവ് അബ്ബാസ് പറഞ്ഞു.

മാനന്തവാടി മെഡിക്കൽ കോളജിലെ സ്കാനിങ്ങിലും വയറ്റിൽ ഉപകരണം കണ്ടെത്തി. ഇതോടെ കുടുംബം കുട്ടിയുമായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ദിവസം കാത്തശേഷം കുട്ടിക്ക് സർജറി വേണമോ എന്ന് തീരുമാനിക്കാമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. അതേസമയം, ചികിത്സക്കിടെ ഉപകരണം വായിലേക്ക് വീണപ്പോൾ പുറത്തെക്കെടുക്കാൻ ശ്രമിക്കുന്നതിനിടെ മാതാവ് കുട്ടിയെ ശക്തിയായി കുലുക്കിയതോടെയാണ് ഇത് ശരീരത്തിലേക്ക് പോയതെന്ന് ഡോക്ടർ പറഞ്ഞു. തുടർ ചികിത്സക്കുള്ള സൗകര്യം ഒരുക്കിയിരുന്നതായും ക്ളിനിക്ക് ഉടമ ഡോ. ഹാഷിം അറിയിച്ചു.


Reporter
the authorReporter

Leave a Reply