GeneralLocal News

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്


നീലേശ്വരം: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയ തീവണ്ടിക്കു നേരേയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരിക്ക്.

മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് നേരേ വെള്ളിയാഴ്ച പുലര്‍ച്ചെ 12.55നാണ് കല്ലേറുണ്ടായത്. മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം ശക്തികുളങ്ങരയിലെ വി. മുരളീധര(63)നാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ ഏഴ് തുന്നലുണ്ട്.

തീവണ്ടിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ 30 വയസ്സ് തോന്നിക്കുന്ന യുവാവിനെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിട്ടിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് തീവണ്ടിക്കുനേരേ കല്ലെറിയുകയായിരുന്നുവെന്നാണ് നിഗമനം.

മുരളി ഏറ്റവും പിന്നിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു. യുവാവ് ആദ്യമെറിഞ്ഞ കല്ല് ആരുടെ ശരീരത്തിലും കൊണ്ടില്ല എന്നാല്‍ രണ്ടാമതും എറിഞ്ഞപ്പോഴാണ് മുരളീധരന്റെ തലയ്ക്ക് കൊണ്ടതെന്ന് കൂടെ ജോലിചെയ്യുന്ന ആലപ്പുഴ പാനൂര്‍ പല്ലനയിലെ എ. ഇല്യാസ് പറഞ്ഞു.

നേരേ ബേക്കലിനും കാഞ്ഞങ്ങാടിനുമിടയില്‍ തെക്കുപുറത്തുവെച്ച് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരതിന് നേരെയും കല്ലേറുണ്ടായി. കല്ലേറിനെ തുടര്‍ന്ന് സി 10 കോച്ചിന്റെ ചില്ല് തകര്‍ന്നു. വെള്ളിയാഴ്ച വൈകിട്ട് 2.45ഓടെയായിരുന്നു സംഭവം.


Reporter
the authorReporter

Leave a Reply