കോഴിക്കോട്: ക്രിമിനലുകളായ ഒട്ടേറെ അന്യദേശ തൊഴിലാളികൾ വിവിധ സ്ഥലങ്ങളിൽ പണിയെടുക്കുന്നത് സ്വൈരജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ ശാശ്വതമായ പരിഹാരത്തിനായി ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ വിശദമായ ഒരു ആക്ഷൻപ്ലാനിന് തൊഴിൽവകുപ്പ് രൂപം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ ലേബർ കമ്മീഷണർ കമ്മീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കേരളത്തിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് പോലീസ് – തൊഴിൽ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക് ശേഷം തിരിച്ചറിയൽ കാർഡ് അനുവദിക്കണമെന്ന പരാതിയിലാണ് നടപടി.
ലേബർ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ 2022 ആഗസ്റ്റ് 31 വരെ 5,13,620 തൊഴിലാളികൾക്ക് രജിസ്ട്രേഷൻ നൽകിയിട്ടുണ്ടെന്ന് പറയുന്നു. അതിഥി പോർട്ടൽ, അതിഥി ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷനാക്കി മാറ്റി കൂടുതൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആപ്ലിക്കേഷൻ നിലവിൽ വരുമ്പോൾ മൊബൈൽ ഫോൺ വഴിയും രജിസ്ട്രേഷൻ നൽകാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതും രജിസ്ട്രേഷൻ നടപടികൾ നടത്തുന്നതും അനിവാര്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ ഇത്തരം നടപടികൾ വഴി ക്രിമിനലുകളായ തൊഴിലാളികളെ കണ്ടെത്താനും നടപടിയെടുക്കാനും കഴിയില്ല. ക്രിമിനലുകളായ ഒട്ടേറെ ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലെത്തുകയും വിവിധ സ്ഥലങ്ങളിൽ ജോലിയെടുക്കുകയും ചെയ്യുന്നുണ്ട്. ഇത് സ്വൈര്യ ജീവിതത്തിന് ഭീഷണിയാണെന്ന് ഉത്തരവിൽ പറയുന്നു.