പത്തനംതിട്ട: റോഡ് സുരക്ഷാ യോഗത്തിൽ നിന്ന് വിട്ട് നിന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. പത്തനംതിട്ട ജില്ലയിലെ റോഡ് സുരക്ഷാ യോഗത്തിലാണ് എസ്പി പങ്കെടുക്കാതെ അസോസിയേഷൻ നേതാവായ എസ്ഐയെ അയച്ചത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തിൽ എസ്പി തന്നെ പങ്കെടുക്കണമെന്ന് നിലപാടെടുത്ത ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ എസ്ഐയെ തിരിച്ചയച്ചു.
ബുധനാഴ്ച ആയിരുന്നു ജില്ലാതല റോഡ് സുരക്ഷ അവലോകനയോഗം. ലക്ഷങ്ങളുടെ ഫണ്ട് വിനിയോഗം അടക്കം സുപ്രധാന തീരുമാനമെടുക്കേണ്ട യോഗത്തിലാണ് ജില്ലാ പൊലീസ് മേധാവി പങ്കെടുക്കാതിരുന്നത്. തിരക്ക് കൊണ്ടാണ് പങ്കെടുക്കാതിരിക്കാൻ തടസ്സമായി പൊലീസ് മേധാവിപൊലീസ് മേധാവി പറഞ്ഞത്. യോഗത്തിൽ നിന്ന് വിട്ടുനിന്ന ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ എസ്ഐ ബി എസ് ശ്രീജിത്തിനെ അയക്കുകയായിരുന്നു.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയിലെ സുപ്രധാന യോഗത്തിൽ എസ്പി തന്നെ പങ്കെടുക്കണമെന്ന് കളക്ടർ എസ് പ്രേംകൃഷ്ണൻ നിലപാടെടുത്തു. ലക്ഷങ്ങളുടെ ഫണ്ട് വിനിയോഗം അടക്കം സുപ്രധാന തീരുമാനമെടുക്കേണ്ട യോഗമാണ്. ശബരിമല മണ്ഡലകാലം അടുത്തിരിക്കെ എസ് ഐ മാത്രം പങ്കെടുത്തിട്ട് കാര്യമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. എസ്ഐയെ തിരിച്ചയച്ചതോടെ ഒരു ഡിവൈഎസ്പിയാണ് പകരം പങ്കെടുത്തത്.