Sunday, November 24, 2024
General

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം


ചെന്നൈ: തിരുവള്ളൂരിന് സമീപം പാസഞ്ചര്‍- ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ക്ക് പരുക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലേക്ക് പോകുകയായിരുന്ന ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. 12 കോച്ചുകള്‍ പാളംതെറ്റുകയും ചെയ്തു.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പാസഞ്ചര്‍ ട്രെയിന്‍ കവരപേട്ടയ്ക്ക് സമീപം എത്തിയപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനു ശേഷം യാത്രക്കാരെ സുരക്ഷിതമായി ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. ഇന്ന് ഉച്ചയോടെ ഈ റൂട്ടിലെ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിംഗ് പറഞ്ഞു.

ആകെ 1360 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദക്കി. 28 ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ സന്ദര്‍ശിച്ചു.

അപകടത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോര്‍ ട്രെയിന്‍ അപകടത്തിന് കാരണമായ സിഗ്‌നല്‍ തകരാറിന് സമാനമായ പിഴവാണ് ഇവിടെയും സംഭവിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.


Reporter
the authorReporter

Leave a Reply