climatGeneral

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍:ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

Nano News

അമേരിക്കയെ ഭീതിയിലാഴ്ത്തി നൂറുവര്‍ഷത്തിനിടയിലെ ഏറ്റവുംവലിയ ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ശക്തിപ്രാപിക്കുന്നു. മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ യുഎസ് നാഷണൽ വെതർ സർവിസ് കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാറ്റഗറി 5 ലേക്ക് മാറിയതോടെ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ പ്രവചിക്കുന്നത്. ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തില്‍ പെട്ടവയെയാണ് കാറ്റഗറി 5 ല്‍ ഉള്‍പെടുത്തുന്നത്. ഫ്‌ളോറിഡ തീരത്ത് അതീവ ജാഗ്രതയാണ് മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒരുക്കുന്നത്.

അതേ സമയം കിഴക്കന്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലേക്ക് ചുഴലിക്കാറ്റ് നീങ്ങുന്നതിനാല്‍ അതിന്റെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. 15 അടി ഉയരത്തില്‍ ആഞ്ഞുവീശാന്‍ സാധ്യതയുള്ള രാക്ഷസത്തിരമാലകളെ കുറിച്ചും മുന്നറിയിപ്പുണ്ട്.

മുന്‍കരുതലിന്റെ ഭാഗമായി ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരകണക്കിനുപേര്‍ ഫ്‌ളോറിഡയില്‍ നിന്ന് വീടുകള്‍ ഒഴിഞ്ഞ് പോക്ക് തുടരുകയാണ്. ഒഴിഞ്ഞുപോയില്ലെങ്കില്‍ അത് മരണത്തിന് കാരണമാകുമെന്ന് ചില ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2005 ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടണ്‍ എന്നാണ് മുന്നറിയിപ്പ്. ടാമ്പ, ക്ലിയര്‍വാട്ടര്‍ എയര്‍പോര്‍ട്ടുകളും അടച്ചിടും. വിമാന സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

പ്രവചനമനുസരിച്ച് 12 മുതല്‍ 18 ഇഞ്ച് വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് വിനാശകരമായ കൊടുങ്കാറ്റ് പ്രതീക്ഷിക്കുന്നതോടൊപ്പം ഒര്‍ലാന്‍ഡോ ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ ഫ്‌ളോറിഡയിലും കനത്ത വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. 6 മുതല്‍ 12 ഇഞ്ച് വരെ മഴ പെയ്യുന്ന മഴ ‘തീവ്രമായ വെള്ളപ്പൊക്ക ഭീഷണി’യാണെന്ന് പ്രദേശത്തെ ദേശീയ കാലാവസ്ഥാ സേവന കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ 15 ഇഞ്ച് വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കിസ്സിമ്മി, സാന്‍ഫോര്‍ഡ്, ഡേടോണ ബീച്ച് എന്നിവിടങ്ങളിലും മഴയുടെ തീവ്രമായ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നു.

രണ്ടാഴ്ച മുമ്പ് യു.എസില്‍ കനത്ത നാശം വിതച്ച ‘ഹെലിന്‍’ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ മില്‍ട്ടന്‍ കൂടിയെത്തുന്നത് വന്‍ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാറ്റഗറി നാലിന്റെ വേഗത്തില്‍ നാശം വിതച്ച ഹെലന്‍ ഫ്‌ളോറിഡ, തെക്കന്‍ കരോലിന,വടക്കന്‍ കരോലിന ജോര്‍ജിയ, ടെന്നിസി, വിര്‍ജിനിയ എന്നിവിടങ്ങളില്‍ നാശം വിതച്ചിരുന്നു. 225 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.


Reporter
the authorReporter

Leave a Reply