വേങ്ങേരി: വർഷങ്ങളോളം നഗരത്തിന്റെ വ്യാപാരമുഖം തലയെടുപ്പോടെ അടയാളെപ്പടുത്തിയ വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിന്റെ പ്രതാപം മങ്ങുന്നു. പുലർച്ച നാലുമുതൽ രാത്രി പത്തു വരെ ആൾത്തിരക്കിലും ഇടപാടുകളിലും സജീവമായിരുന്ന കേന്ദ്രം വെളിച്ചം മങ്ങിത്തുടങ്ങുന്നതോടെ ശ്മശാനമൂകതയിലേക്കും ഭീതിയിലേക്കും അമരുകയാണ്.
നിരവധി കടകളും ആവശ്യക്കാരും എത്തിയ കേന്ദ്രത്തിൽ വെറും 24 കടകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിൽതന്നെ ഏറെയും പേരിനുമാത്രം തുറന്നു പ്രവർത്തിക്കുന്നവയാണ്. കച്ചവടം പ്രതീക്ഷിക്കാവുന്ന അവസ്ഥ മാറി വെറുതെ വന്നിരുന്ന് വൈകീട്ടോടെ സമയം ചെലവഴിച്ച് തിരിച്ചുപോകുന്ന അവസ്ഥയാണ് മിക്ക കടയുടമകൾക്കും.
കാബ്കോ ഏറ്റെടുത്തശേഷം ഒരു വികസന പ്രവർത്തനവും നടക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരിക്കുകയാണ്. ഏക്കർ കണക്കിനുള്ള സ്ഥലങ്ങൾ കാടുമൂടിക്കിടക്കുകയാണ്. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി ഇവിടം മാറി. ചുറ്റുവളപ്പിനുള്ളിൽ മുമ്പ് നിരവധി വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിരുന്നതിനാൽ രാത്രിയിൽപോലും പകൽപോലെ വെളിച്ചമായിരുന്നു. എന്നാൽ, ഇപ്പോൾ കടയുടമകൾ പുറത്ത് സ്ഥാപിച്ചിട്ടുള്ള ഏതാനും ബൾബുകൾ മാത്രമാണ് പ്രകാശിക്കുന്നത്. മദ്യപന്മാരും മറ്റും വൈകുന്നേരത്തോടെ സംഘമായെത്തി കുറ്റിക്കാടുകളിൽ മറഞ്ഞിരുന്ന് മദ്യപിക്കുന്നത് പതിവാകുകയാണ്. രാത്രി ഒമ്പതുമണിയോടെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് അടക്കുമെങ്കിലും വടക്കുഭാഗത്തെ രണ്ടാമത്തെ ഗേറ്റ് ചാടിയാണ് സംഘം പുറത്തുകടക്കുന്നത്. രാത്രിയിൽ കൂരാകൂരിരുട്ടായതിനാൽ ഒറ്റക്ക് ഈ ഭാഗത്തേക്കെത്താൻ സെക്യൂരിറ്റി ജീവനക്കാർപോലും ഭയപ്പെടുകയാണ്. മുമ്പ് നല്ലനിലയിൽ പരിപാലിച്ച കേന്ദ്രം ആൾപ്പെരുമാറ്റമില്ലാതെ നശിക്കുന്നത് വികസനമുരടിപ്പിന്റെ നേർക്കാഴ്ചയായി മാറുകയാണ്.