നടുവണ്ണൂർ: കോട്ടൂർ പഞ്ചായത്തിലെ 18ാം വാർഡിലെ കോട്ടൂർ ഗെയിൽ വാൽവ് സ്റ്റേഷന് സമീപത്ത് റോഡരികിലെ വയലിൽ മാലിന്യം തള്ളിയ വ്യക്തിയെ തിരിച്ചറിഞ്ഞ് മാലിന്യം തിരിച്ചേൽപിച്ചു. പൊതുപ്രവർത്തകൻ ഉമേഷ് നടുവത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരെ വിളിച്ചുവരുത്തി നാട്ടുകാരുടെ സഹായത്തോടെ മാലിന്യത്തിൽ തെരച്ചിൽ നടത്തിയയോടെയാണ് മാലിന്യം തള്ളിയ വ്യക്തിയെക്കുറിച്ച് തെളിവ് കിട്ടിയത്. ബുധനാഴ്ച രാത്രിയിലാണ് നെൽകൃഷി ചെയ്യുന്ന വയലിൽ അഞ്ചു ചാക്ക് മാലിന്യം തള്ളിയത്. കോട്ടൂർ പഞ്ചായത്തിലെ ജീവനക്കാരി അജ്ന സത്യന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തിയിരുന്നു. മാലിന്യം തള്ളിയ വ്യക്തിക്ക് 10,000 രൂപ ഫൈനും നൽകി.
എൻ. ഉമേഷ്, ഇ.കെ. ആനന്ദൻ, വി.എൻ. അതുൽ ലാൽ, സി.കെ. അഖിൽ രാജ്, ടി. ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ മാലിന്യം നിക്ഷേപിച്ച വ്യക്തിയുടെ വീട്ടിൽ മാലിന്യം തിരിച്ചേൽപിച്ചു. മുമ്പും ഇവിടെ പുറത്തുനിന്ന് മാലിന്യം തള്ളിയിട്ട് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.