കോഴിക്കോട്: അസുഖം ബാധിച്ച കോഴികളെ വില്‍പ്പന നടത്തുന്ന കടകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചിക്കന്‍ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മതിയായ പരിശോധനകളില്ലാതെ ലൈസന്‍സ് നൽകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെയും വ്യാപാരി വ്യവസായി സമിതി പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി തലക്കുളത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് (വ്യാഴം) ചിക്കൻ വ്യാപാരി സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് പറഞ്ഞു.
ചത്ത കോഴികളെ വില്‍പ്പന നടത്തിയ അണ്ടിക്കോട്ടെ സിപിആര്‍ ചിക്കന്‍ സ്റ്റാള്‍ കഴിഞ്ഞ ദിവസം ആരോഗ്യവിഭാഗവും പോലീസും ചേര്‍ന്ന് പൂട്ടിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സമിതി സമര രംഗത്തേക്കിറങ്ങുന്നത്. രോഗബാധയുള്ള കോഴികളെ വില്‍പ്പന നടത്തുന്ന നടപടി ഒരിക്കലും അംഗീകരിക്കനാവില്ലെന്നും അത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാളുകളുടെക്കൂടി വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും സമിതി ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി പറഞ്ഞു.
മാര്‍ച്ച് വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ ട്രഷറര്‍ രാജധാനി ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. ചിക്കന്‍ വ്യാപാരി സമിതി സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും പങ്കെടുക്കും. യോഗത്തില്‍ ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറര്‍ സി.കെ. അബ്ദുറഹിമാന്‍, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മുനീര്‍ പാലശേരി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സിയാദ്, ആബിദ്, സാദിക് പാഷ എന്നിവര്‍ സംസാരിച്ചു.