Thursday, January 23, 2025
General

മലപ്പുറം എസ്‍പിയെ പൊതുവേദിയിൽ അധിക്ഷേപിച്ച് പിവി അൻവര്‍ എംഎല്‍എ


മലപ്പുറം: മലപ്പുറം എസ്പി എസ് ശശിധരനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. മലപ്പുറത്ത് നടന്ന പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിലേക്ക് എസ്പി വൈകി എത്തിയതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. തന്നെ കുറച്ചുനേരം ഇരുത്താനാണ് വൈകി വന്നതെങ്കിൽ എസ്പി ഒന്നുകൂടി ആലോചിക്കണമെന്ന് പിവി അൻവർ പറഞ്ഞു. തൻ്റെ പാർക്കിൽനിന്ന് കേബിൾ മോഷ്ടിച്ച പ്രതിയെ പിടിക്കാതെ ഒരാളെ വിളിച്ചുവരുത്തി ചായ കൊടുത്തുവിടുകയാണ് പോലീസ് ചെയ്തതെന്നും പിവി അൻവർ വിമർശിച്ചു. എംഎൽഎയുടെ വിമർശനത്തിന് പിന്നാലെ മുഖ്യപ്രഭാഷകനായ എസ്പി പ്രസംഗം ഒറ്റവരിയിൽ അവസാനിപ്പിച്ച് വേദിവിട്ടു.
“ഞാൻ എന്തോ വലിയ ആളാണെന്നാണ്. എസ്പി കുറേ സിം കാർഡ് പിടിച്ചത് ഞാൻ കണ്ടു. നമ്മുടെ പത്ത് ലക്ഷത്തിൻ്റെ മൊതലിന് യാതൊരു വിലയുമില്ല. അദ്ദേഹത്തിന് ഒരു ഉത്തരവാദിത്തമില്ല. ഞാനൊരു പൊതുപ്രവർത്തകനല്ലേ. 10 മണിക്കാണ് സമ്മേളനം പറഞ്ഞത്. ഞാൻ 9:50ന് മലപ്പുറത്തെത്തി. രാവിലെ ആരംഭിക്കുന്ന പരിപാടിയിൽ ഒരു മിനിറ്റ് പോലും താൻ വൈകാറില്ല. അഞ്ചും പത്തും പരിപാടിയുള്ളപ്പോൾ സ്വാഭാവികമായും വൈകും. ഇവിടെ വിളിച്ചപ്പോൾ നിങ്ങള് കുറച്ചുനേരം കൂടി വെയ്റ്റ് ചെയ്യണം, ആള് എത്തിയിട്ടില്ലെന്ന് പറഞ്ഞു”- പിവി അൻവർ പറഞ്ഞു.

ഒരു ചായയല്ലേ രാവിലെ കുടിക്കാൻ പറ്റൂ. മലപ്പുറത്തുനിന്ന് ഞാൻ രണ്ട് ചായ കുടിച്ചു. പിന്നീട് 27 മിനിറ്റ് കാത്തിരുന്നു. ഒരു കുഴപ്പവുമില്ല. അദ്ദേഹം തിരക്ക് പിടിച്ച ഓഫീസറാണ്. തിരക്കിൻ്റെ ഭാഗമായി വരാതിരുന്നെങ്കിൽ എനിക്ക് ഒരു പ്രശ്നവുമില്ല. പക്ഷേ അവനവിടെ ഇരിക്കട്ടെ എന്നു വിചാരിച്ചിട്ടാണ് വരാതിരുന്നതെങ്കിൽ അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. ഇതൊന്നും ശരിയായ രീതിയല്ല”

“റോപ്പ് വേക്ക് ഉപയോഗിച്ചിരുന്ന ഒൻപത് ലക്ഷം വിലവരുന്ന, രണ്ടായിരത്തിലധികം കിലോ ഭാരമുള്ള സ്റ്റീൽ കേബിൾ ആണ് മോഷണം പോയത്. ഒരാൾക്കോ രണ്ടാൾക്കോ പത്താൾക്കോ കൊണ്ടുപോകാൻ കഴിയില്ല. ഒരു സംഘമായി വന്നു മാത്രമേ കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. മോഷണം നടന്നിട്ട് അഞ്ചെട്ട് മാസമായി. മൂന്നു പ്രാവശ്യം ജില്ലാ പോലീസ് സൂപ്രണ്ടിനെ ഞാൻ വിളിച്ചു. ഒരു വിവരവുമില്ല”.

ഞങ്ങൾക്ക് കിട്ടിയ ചില വിവരങ്ങൾ പോലീസിന് കൈമാറി. അതിൽ ഒരു സ്ത്രീയെ മാത്രം വിളിച്ച് ചായ കൊടുത്തു വിട്ടുവെന്നാണ് അറിഞ്ഞത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ തെളിവടക്കം വെച്ചു പറയും. ഇങ്ങനെയുണ്ടോ ഒരു പോലീസ്. ഇത്രയും വലിയ സാധനം മോഷ്ടിച്ചാൽ ഏത് പൊട്ടന് വേണമെങ്കിലും കണ്ടുപിടിക്കാൻ കഴിയില്ലേ. അത് അൻവർ എംഎൽഎയുടേതാ, അവിടെ കിടന്നോട്ടെ എന്ന് ചിന്തിച്ചുകാണും.

എംഎൽഎ പറഞ്ഞു. എംഎൽഎയുടെ വിമർശനത്തിന് പിന്നാലെ താൻ പ്രസംഗിക്കാനുള്ള മൂഡിലല്ലെന്നും തിരക്കുണ്ടെന്നും പറഞ്ഞു എസ്പി വേദിവിട്ടു.


Reporter
the authorReporter

Leave a Reply