Friday, November 22, 2024
GeneralPolitics

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനുള്ള കത്ത് മാധ്യമങ്ങൾക്ക് കിട്ടിയതിൽ അന്വേഷണം


തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാര്‍ശ ചെയ്ത കത്ത് പുറത്തായതിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിനോടും ജയിൽ വകുപ്പിനോടും സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ജയിൽ വകുപ്പിൽ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് ജയിൽ വകുപ്പ് ഡിഐജിയും പൊലീസിൽ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് കണ്ണൂര്‍ ഡിഐജിയും അന്വേഷിക്കും.

അണ്ണൻ സിജിത്. ടികെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കമായിരുന്നു ആദ്യം പുറത്തുവന്നത് . ഇതിനിടെയാണ് സബ്മിഷനിൽ ട്രൗസർ മനോജിന് കൂടി ഇളവിനുള്ള ശ്രമം പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത് കണ്ണൂർ തൂവക്കുന്ന് സ്വദേശിയും കടുങ്ങോൻപയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മനോജിനെയാണ് ശിക്ഷാ ഇളവ് നൽകി പുറത്തിറക്കാനുള്ള പട്ടികയിൽ ഏഴാമനായി ഉൾപ്പെടുത്തിയത്. 20 വർഷം വരെ ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പ്രതികളുടെ പട്ടികയിൽ ട്രൗസർ മനോജുമുണ്ടായിരുന്നു.

കണ്ണൂർ ജയിൽ സൂപ്രണ്ട് 56 പേരുടെ പട്ടികയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയത്. സർക്കാർ നിർദ്ദേശ പ്രകാരം പ്രത്യേക ഇളവ് നൽകി പ്രതികളെ വിട്ടയക്കുന്നതിന്‍റെ ഭാഗമായി പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് വേണമെന്നായിരുന്നു ആവശ്യം. ജൂൺ 13 നാണ് ഈ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിയത്. പട്ടികയിൽ മൂന്നാമനായി ഇടം പിടിച്ചത് ടിപി കേസിലെ രണ്ടാം പ്രതി ടികെ രജീഷായിരുന്നു. 47, 48 പേരുകൾ അണ്ണൻ സിജിത്ത്, മുഹമ്മദ് ഷാഫി എന്നിവരുടേതായിരുന്നു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥ പിഴവെന്ന് ന്യായീകരിച്ച് സര്‍ക്കാര്‍ വിവാദത്തിൽ നിന്ന് തലയൂരിയിരുന്നു


Reporter
the authorReporter

Leave a Reply