General

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം; അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി


ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം; അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം നഗരമദ്ധ്യത്തിലെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഒടുവിൽ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. തോടിന്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.

18 വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.

തമ്പാനൂർ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ആമഴയിഴഞ്ചാൻ കനാലിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയായ ജോയിയെ കാണാതാവുകയും രണ്ട് ദിവസത്തിന് ശേഷം ഇന്നലെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടൊപ്പമുണ്ടായ വിവാദങ്ങൾക്ക് ശേഷമാണ് സർക്കാർ നടപടികൾ ആരംഭിക്കുന്നത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ വളരെ പ്രയാസപ്പെട്ടാണ് സ്കൂബാ ഡൈവിംഗ് സംഘമടക്കം ഇറങ്ങി തെരച്ചിൽ നടത്തിയത്. എന്നാൽ രണ്ട് ദിവസം തെരച്ചിൽ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവിൽ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.


Reporter
the authorReporter

Leave a Reply