കോഴിക്കോട്: പിഎസ്‌സി കോഴ വിവാദത്തില്‍ പ്രമോദ് കോട്ടൂളി സത്യംതുറന്നു പറയാന്‍ തയ്യാറായാല്‍ ബിജെപി സംരക്ഷണമൊരുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പിഎസ്‌സി അംഗത്വത്തിന് കോഴ വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് ബിജെപി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴ വിഷയത്തില്‍ പലതും തുറന്നു പറഞ്ഞാല്‍ ജീവനുഭീഷണിയുണ്ടാകുമെന്ന് പ്രമോദ് പറഞ്ഞ സാഹചര്യത്തിലാണ് എം.ടി രമേശ് ബിജെപിയുടെ സംരക്ഷണം ഉറപ്പുനല്‍കിയത്.
പിഎസ്‌സി കോഴ 22 ലക്ഷം കൈപ്പറ്റിയവര്‍ കൈവിട്ട സാഹചര്യത്തില്‍ പ്രമോദ് എല്ലാം തുറന്നു പറയണം. ജില്ലയിലെ സിപിഎമ്മിനെ നിയന്ത്രിക്കുന്നത് ഒരു അധോലോകമാണ്. ആ അധോലോകത്തെ ആര് കൈവശം വയ്ക്കണമെന്ന തര്‍ക്കമാണ് കോഴ വിവാദം ഇപ്പോള്‍ പുറത്തുവരാന്‍ കാരണം. മന്ത്രി മുഹമ്മദ് റിയാസും എളമരം കരീമുമാണ് ഈ സംഘത്തെ നയിക്കുന്നത്. കോഴപ്പണം വീതംവയക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് വിവാദത്തിനു പിന്നില്‍.
സംഭവത്തില്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തിയാല്‍ ഇപ്പോള്‍ പുറത്തുവരാത്ത പലതും പുറത്തുവരും. അതുനേതൃത്വത്തിനുമറിയാം. അതാണ് ഈ പ്രശ്‌നം ഒതുക്കിത്തീര്‍ക്കുന്നത്.
പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നതിന്റെ പേരുപറഞ്ഞാണ് പ്രമോദിനെ പുറത്താക്കിയത്. അവമതിപ്പ് ഉണ്ടാക്കിയ വിഷയം എന്താണെന്ന് പാര്‍ട്ടി പറയണം. കോഴപ്പണം ആര് ആര്‍ക്ക് കൊടുത്തുവെന്ന കാര്യം കണ്ടെത്തണമെന്നും ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷയായ പിഎസ്‌സിയുടെ വിശ്വാസ്യതയാണ് തകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. പിഎസ് സിയില്‍ അംഗത്വം ലഭിക്കുന്നതിന് മന്ത്രിസഭയുടെ തീരുമാനം വേണം.
ആ തീരുമാനം ഗവര്‍ണറെ അറിയിക്കണം. അതിനാല്‍ ഒരുപ്രാദേശിക നേതാവിന് ഇക്കാര്യം സാധിക്കില്ല. സിപിഎം എന്നത് ഇന്ന് മുഹമ്മദ് റിയാസ് എന്ന ഒരു വ്യക്തിയാണെന്നും സംസ്ഥാനത്ത് തീരുമാനങ്ങള്‍ നടപ്പാക്കുന്നത് മുഹമ്മദ് റിയാസ് ആണെന്നും അദ്ദേഹം പറഞ്ഞു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പോലും കേസെടുക്കുന്ന വിജിലന്‍സ് കോഴപ്പണത്തിന്റെ പേരില്‍ പാര്‍ട്ടി അംഗത്തെ പുറത്താക്കിയിട്ടും നടപടിയെടുക്കുന്നില്ലെന്നും രമേശ് പറഞ്ഞു. സരോവരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ നേതൃത്വം നല്‍കി. കലക്ടറേറ്റിനു മുന്നില്‍ മാര്‍ച്ച് തടഞ്ഞ പൊലീസ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരായ ജുബിന്‍ ബാലകൃഷ്ണന്‍, പ്രവീണ്‍ ശങ്കര്‍, നവനീത് കൃഷ്ണന്‍, ലിബിന്‍ കുറ്റ്യാടി, ഷൈവിന്‍ ചേളന്നൂര്‍,ശബരി മണ്ടയാട്,റിബിത്ത് മാങ്കാവ്, എം.ടി ഐശ്വര്യ,രാജു കൂത്താളി, പ്രശാന്ത്. പുല്ലാളൂര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി രാധാകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഇ.പ്രശാന്ത് കുമാര്‍,എം. മോഹനന്‍,വൈസ് പ്രസിഡന്റുമാരായ ഹരിദാസ് പൊക്കിണാരി,ടി.ദേവദാസന്‍, ജില്ല സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി,അനുരാധ തായാട്ട്, ടി റനീഷ്, ജില്ല സെല്‍ കോഡിനേറ്റര്‍ ടി ചക്രായുധന്‍, ജില്ല ട്രഷറര്‍ വി.കെ ജയന്‍, രാമദാസ് മണലേരി, പി.രമണി ഭായ്, സരിത പറയേരി, ശശിധരൻ നാരങ്ങയിൽ, ജുബിൻ ബാലകൃഷ്ണൻ, ഷെയ്ക് ഷാഹിദ്, സബിത പ്രഹ്ളാദൻ തുടങ്ങിയവര്‍ പങ്കെടുത്തു.