ജയ്പൂര്‍: വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ മുഖത്തടിച്ച സംഭവത്തില്‍ സ്‌പൈസ്‌ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. ജയ്പൂര്‍ വിമാനത്താവളത്തില്‍ പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. വെഹിക്കിള്‍ ഗേറ്റ് വഴി അനുമതിയില്ലാതെ കടക്കാന്‍ ശ്രമിച്ചത് തടഞ്ഞതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. സംഭവം സി.സി.ടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കൊപ്പം എത്തിയ ജീവനക്കാരിയുടെ കൈവശം ആ ഗേറ്റിലൂടെ വിമാനത്താവളത്തില്‍ പ്രവേശിക്കാനുള്ള പാസ് ഉണ്ടായിരുന്നില്ലെന്നാണ് സി.ഐ.എസ്.എഫ് ജീവനക്കാരുടെ വാദം. ഇതിനേത്തുടര്‍ന്ന് മറ്റൊരു ഗേറ്റ് വിമാനക്കമ്പനി ജീവനക്കാര്‍ക്കുള്ള പരിശോധനയ്ക്ക് വിധേയയാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ഗേറ്റില്‍ വനിതാഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. ഈ സമയം സി.ഐ.എസ്.എഫ് എ.എസ്.ഐ ഒരു വനിതാ ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി. എന്നാല്‍ അപ്പോഴേക്കും യുവതിയും എ.എസ്.ഐയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും ജീവനക്കാരി ഉദ്യോഗസ്ഥന്റെ മുഖത്ത് അടിക്കുകയും ചെയ്തതുവെന്നാണ് സി.ഐ.എസ്.എഫ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറയുന്നത്.
എന്നാല്‍ ജീവനക്കാരിക്ക് വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നല്‍കിയ പാസ് ഉണ്ടായിരുന്നുവെന്നും ജീവനക്കാരിയോട് സി.ഐ.എസ്.എഫുകാരന്‍ അസഭ്യം പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും സ്‌പൈസ്‌ജെറ്റ് വക്താവ് പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന് കാണാന്‍ ഉള്‍പ്പെടെ പറഞ്ഞുവെന്നും മോശമായ രീതിയില്‍ പെരുമാറിയ ഉദ്യോഗസ്ഥനെതിരെ പൊലിസില്‍ പരാതി നല്‍കിയെന്നും ജീവനക്കാരിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും സ്‌പൈസ്‌ജെറ്റ് വക്താവ് അറിയിച്ചു.